കാസര്‍കോട്: പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന എസ്.എം വിദ്യാനഗര്‍ (എസ് മുഹമ്മദ് വിദ്യാനഗര്‍) നിര്യാതനായി. 90 വയസായിരുന്നു. വിവര്‍ത്തകനും അധ്യാപകനുമായിരുന്നു. വാര്‍ധക്യ സഹജമായ രോഗം കാരണം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാസര്‍കോട് ജി.എച്ച്.എസിലും വിവിധ സ്‌കൂളുകളിലും അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുജാഹിദ് പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാവാണ്. ദീര്‍ഘകാലമായി ചൗക്കി കല്ലങ്കൈയിലാണ് താമസം. ഖബറടക്കം വ്യാഴാഴ്ച രാവിലെ എ്ട്ടുമണിയോടെ കല്ലങ്കൈ മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.
1936 ല്‍ ആലംപാടിയിലെ കര്‍ഷക കുടുംബത്തില്‍ സുബ്ബന്‍തൊട്ടി അബ്ദുല്‍ റഹ്മാന്റെയും നയന്മാര്‍മൂലയിലെ വിദ്യാഭ്യാസ-സാമൂഹിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ബാരിക്കാട് വലിയ കുഞ്ഞാലി ഹാജിയുടെ മകള്‍ എന്‍കെ ആയിഷയുടെയും മകനായിട്ടാണ് എസ്എം വിദ്യാനഗര്‍ ജനിച്ചത്. മാതൃപിതാവിന്റെ സ്‌കൂളായ നായന്മാര്‍മൂലയിലും തായി മൗലവിയുടെ ശിക്ഷണത്തില്‍ ആലിയയിലും അബു സബാഹ് മൗലവിയുടെ ശിക്ഷണത്തില്‍ ഫാറൂഖ് റൗളത്തുല്‍ ഉലൂം കോളേജിലുമായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. ഈകാലഘട്ടത്തിലാണ് ചന്ദ്രിക ആഴ്ചപ്പതിപ്പിലെ അബൂബക്കര്‍ മാഷുമായി അദ്ദേഹം പരിചയത്തിലാവുന്നതും സൗഹൃദം സ്ഥാപിക്കുന്നതും എഴുത്തിന്റെ ലോകത്തേക്ക് കടക്കുന്നതും. മൗലാനാ ആസാദിന്റെ ഉറുദുവിലെ ലേഖനങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് ചന്ദ്രിക ആഴ്ചപ്പതിപ്പിലാണ് അദ്ദേഹം എഴുത്ത് ജീവിതം ആരംഭിച്ചത്. പിന്നീട് മാതൃഭൂമി, അല്‍അനാര്‍, സനാബീല്‍, വിചിന്തനം, ശബാബ്, ഉത്തരദേശം, കാരവല്‍, അല്‍ ബുഷ്‌റ തുടങ്ങിയ നിരവധി പത്രങ്ങളിലും വാരികകളിലും മാസികകളിലും അദ്ദേഹം തന്റെ സാഹിത്യ സംഭാവനകള്‍ നല്‍കി. മലയാളത്തിലും ഉറുദുവിലും അറബിയിലും അദ്ദേഹത്തിന് മികച്ച അറിവുണ്ടായിരുന്നു.
കോഴിക്കോട് ചാലിയം ഉമ്പിച്ചി സ്‌കൂള്‍, പഴയങ്ങാടി സ്‌കൂള്‍, വള്ളികോത്ത് സ്‌കൂള്‍, കണ്ണൂര്‍ മുന്‍സിപ്പല്‍ ഹൈസ്‌കൂള്‍, വള്ളിക്കുന്ന് സ്‌കൂള്‍, പട്‌ല ഗവ. സ്‌കൂള്‍, കാസര്‍കോട് ഗവ. ഹൈസ്‌കൂള്‍, തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ദേഹം അധ്യാപകനായി സേവനമനുഷ്ഠിച്ചു. മഹാകവി ടി ഉബൈദ് സാഹിബ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു. എസ് എം വിദ്യാനഗറിന്റെ ഒരു പുസ്തകത്തിന്റെ ആമുഖം എഴുതിയത് ടി ഉബൈദായിരുന്നു. അദ്ദേഹത്തിന്റെ മൂന്നോ നാലോ പുസ്തകങ്ങളെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളൂ. അറബിക് അധ്യാപകരുടെ നേതൃത്വത്തിലും സംഘാടനത്തിന്റെ തിരക്കിലും ഇസ്ലാഹി പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തു. ഗവണ്‍മെന്റ് സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം കാസര്‍കോട് ജില്ലയിലെ കൂഞ്ചത്തൂര്‍ അറബിക് കോളജിലും വിദ്യാനഗര്‍ ഇസ്്‌ലാഹി അറബിക് കോളജിലും എസ് എം വിദ്യാനഗര്‍ പ്രിന്‍സിപ്പാളായി സേവനം ചെയ്തു. പട്‌ല തായല്‍ ജുമാ മസ്ജിദില്‍ ഖത്തീബായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Post a Comment
0 Comments