കൊച്ചി: ആര്‍എസ്എസിനെ രൂക്ഷമായി വിമർശിച്ച് കത്തോലിക്ക സഭ മുഖപത്രം ദീപികയില്‍ മുഖപ്രസംഗം. ആര്‍എസ്എസ് ആശയങ്ങളും പ്രവൃത്തികളും ന്യൂനപക്ഷങ്ങളുടെ ജീവിതത്തെയും പൗരത്വത്തെയും പരിക്കേല്പിക്കുന്നു. ചർച്ച് നിയമം വഴി ബ്രിട്ടീഷ് ഭരണകൂടം അനുവദിച്ചതാണ് സഭക്കുള്ള ഭൂമിയെന്ന പരാമർശം പ്രത്യേക ലക്ഷ്യത്തോടെയാണ്. ലേഖനം പിന്‍വലിച്ച ആർഎസ്എസ് അതിലെ വിവരങ്ങള്‍ തെറ്റാണെന്ന് സമ്മതിച്ചിട്ടില്ല. ഉത്തരേന്ത്യയില്‍ ക്രൈസ്തവരെ ഓടിച്ചിട്ട് തല്ലുന്നവരാണ് കേരളത്തില്‍ ക്രൈസ്തവർക്ക് രക്ഷയുമായി വരുന്നതെന്നും ദീപികയുടെ പരിഹാസം.
ആർഎസ്എസ് പിൻവലിക്കുകയോ നിഷേധിക്കുകയോ ചെയ്ത ലേഖനങ്ങളെന്നല്ല, അംഗീകരിച്ചിട്ടുള്ള ആശയങ്ങളും നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രവൃത്തിയുമൊക്കെ ഈ രാജ്യത്തെ ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ ജീവിതത്തെയും തുല്യ പൗരത്വബോധത്തെയുമൊക്കെ പരിക്കേൽപ്പിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സർക്കാരിതര ഭൂവുടമസ്ഥർ കത്തോലിക്കാ സഭയാണെന്ന ആർഎസ്എസ് ലേഖനത്തിലും അതാണു കാണുന്നത്.
ആർക്കാണ് അധികം ഭൂമിയുള്ളത് എന്ന ആർഎസ്എസ് കുറിപ്പിനെ ഇവിടെയാർക്കും ഭയമില്ല. കൂടുതലുള്ളത് കത്തോലിക്കാ സഭയ്ക്ക് അല്ലാത്തതിനാൽ മാത്രമല്ല, ഉള്ളതിലൊരു തരിപോലും മതനിയമങ്ങളാൽ തട്ടിയെടുത്തതോ അനധികൃതമോ അല്ല എന്നതിനാലും ഉള്ളതിലേറെയും ജനക്ഷേമത്തിനാണ് ഉപയോഗിക്കുന്നത് എന്നതിനാലുമാണ്. ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിന്റെ ഓൺലൈൻ പോർട്ടലിലാണ് വിവാദ ലേഖനം വന്നത്. കത്തോലിക്കാ സഭയ്ക്ക് വഖഫ് ബോർഡിനേക്കാൾ സ്വത്തുണ്ടെന്നും ഇന്ത്യയിലെ ഏറ്റവും വലിയ സർക്കാർ ഇതര ഭൂവുടമ സഭയാണെന്നുമാണ് അതിലുള്ളത്. അതനുസരിച്ച് സഭയുടെ സ്ഥാപനങ്ങൾക്ക് 20,000 കോടി രൂപ മൂല്യമുള്ള ഏഴു കോടി ഹെക്ടർ അഥവാ 17.29 കോടി ഏക്കർ ഭൂമിയുണ്ടത്രേ. ഇതു വഖഫ് ബോർഡിനുള്ളതിനേക്കാൾ കൂടുതലാണ്. ബ്രിട്ടീഷ് ഭരണകാലത്താണ് സഭയ്ക്ക് ഇത്ര ഭൂമി ലഭിച്ചത്. 1927ൽ ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യൻ ചർച്ച് നിയമം പാസാക്കിയതിനു പിന്നാലെ വലിയ അളവിലുള്ള ഭൂമി ഗ്രാന്റുകൾ സഭയ്ക്കു ലഭിച്ചു. ഇതിന്റെ സാധുതയെ യാണ് ആർഎസ്എസ് ചോദ്യം ചെയ്യുന്നത്.
ഏപ്രിൽ മൂന്നിന്റെ ലേഖനം പിന്നീടു പിൻവലിക്കുകയും, പഴയ ഒരു ലേഖനം വഖഫ് വാർത്തകളുടെ പശ്ചാത്തലത്തിൽ വീണ്ടും പ്രസിദ്ധീകരിച്ചതാണെന്ന് ഓർഗനൈസർ എഡിറ്റർ പ്രഫുൽ കേട്കർ പ്രതികരിക്കുകയും ചെയ്തു. പക്ഷേ, വ്യാജവിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ലേഖനം തെറ്റാണെന്നു സമ്മതിച്ചിട്ടില്ല. ആർഎസ്എസിന്റെ ലേഖനം ശരിയാണെങ്കിൽ ഇന്ത്യയുടെ മൊത്തം ഭൂപ്രദേശത്തിന്റെ അഞ്ചിലൊന്നിലധികം (21 ശതമാനം) ഭൂമി കത്തോലിക്കാ സഭയുടേതാകണം. കാരണം, ഇന്ത്യയുടെ ആകെ ഭൂവിസ്തൃതി 32,87,263 സ്ക്വയർ കിലോമീറ്റർ മാത്രമാണ്! അതിൽ ഏഴു ലക്ഷം സ്ക്വയർ കിലോമീറ്റർ (17.29 കോടി ഏക്കർ) ഭൂമി സഭയുടേതാണെന്നാണ് ലേഖനം പറയുന്നത്. വഖഫ് ബോർഡിനുള്ള 9.4 ലക്ഷം ഏക്കറിന്റെ 183 ഇരട്ടി! എവിടെനിന്നാണ് ഈ കണക്കുകൾ കൊണ്ടുവരുന്നതെന്ന് ആർക്കുമറിയില്ല...ലേഖനത്തിൽ പറയുന്നു
Post a Comment
0 Comments