മഞ്ചേശ്വരം: മംഗളൂരു മുള്‍ക്കി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് ഷരീഫിനെ (57) കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു. മംഗളൂരു റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ മുന്‍ ബസ് ഡ്രൈവറായ അഭിഷേക് ഷെട്ടി(38)യാണ് അറസ്റ്റിലായത്. ജോലി നഷ്ടപ്പെട്ടതിലുള്ള പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രതിയുടെ മൊഴിയില്‍ പറയുന്നു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ അടുക്കയില്‍ ഏപ്രില്‍ 10നാണ് സംഭവം. ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മുഹമ്മദ് ഷെരീഫിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അഭിഷേക് ഷെട്ടിയെ പൊലീസ് അറസ്റ്റു ചെയ്തത്.
പ്രതി അഭിഷേക് ഷെട്ടിയും കൊല്ലപ്പെട്ട ഷെരീഫും തമ്മില്‍ മുമ്പ്് ഒരു തര്‍ക്കമുണ്ടായിരുന്നു. ഏകദേശം ആറു മാസം മുമ്പ് ട്രാഫിക് ജംഗ്ഷനില്‍ ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. ഇതിനുശേഷം ഷെരീഫ് ഓട്ടോ ഡ്രൈവര്‍മാരോട് ഈ സംഭവം പറയുകയും ഓട്ടോ ഡ്രൈവര്‍മാര്‍ സ്ഥിരമായി ഇയാള്‍ ഓടിച്ചിരുന്ന ബസ് തടസപ്പെടുത്തുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ അഭിഷേക് ഷരീഫിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു.
ഏപ്രില്‍ ഒമ്പതിന് രാത്രിയില്‍ നഗരമധ്യത്തില്‍ ഷരീഫിനെ കണ്ടപ്പോള്‍ പ്രതി ഹെയര്‍ സ്‌റ്റൈല്‍ മാറ്റിയിരുന്നു. അതിനാല്‍ ഷരീഫിന് ഇയാളെ മനസിലായില്ല. പ്രതി ഷരീഫിന്റെ ഓട്ടോ വാടകയ്ക്ക് വിളിക്കുകയും ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കത്തി കൊണ്ട് കുത്തിക്കൊന്ന ശേഷം കിണറ്റിലിടുകയുമായിരുന്നു.
കാസര്‍ഗോഡ് ഡെപ്യൂട്ടി സൂപ്രണ്ട് സി.കെ. സുനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ അനൂപ് കുമാര്‍, ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ രതീഷ് കെ.എം, ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍മാരായ അതുല്‍ റാം, മധുസൂദനന്‍, രാജേഷ്, കാസര്‍കോട് റൂറല്‍ സി.ഐ ലമേഷ്. കെ, മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ എ.എസ്.ഐ സുനില്‍ എബ്രഹാം, ബദിയടുക്ക പൊലീസ് സ്റ്റേഷനിലെ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ പ്രസാദ് പുല്ലൂര്‍, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എസ്‌സിപിഒമാരായ മോഹനന്‍ ദിനേശ്, ചന്ദ്രകാന്ത്, മഹേഷ്, ബദിയടുക്ക പൊലീസ് സ്റ്റേഷനിലെ ആരിഫ്, ജില്ലാ ഹെഡ് ഓഫീസ് സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രണവ്, അജിത്ത്, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ വന്ദന, കാസര്‍കോട് സൈബര്‍ സെല്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ മനോജ് ത്രിങ്കണ്ണി, സജേഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
Post a Comment
0 Comments