കാസര്‍കോട്: കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന് സമീപം സ്വകാര്യബസും വിവാഹ പാര്‍ട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഇരുബസുകളിലെയും ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് അപകടം. കാസര്‍കോട് ടൗണില്‍ നിന്ന് മധൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും ആലംപാടിയില്‍ നിന്ന് നെല്ലിക്കുന്നിലേക്ക് വിവാഹ പാര്‍ട്ടിയുമായി പോകുകയായിരുന്ന ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ സ്വകാര്യ ബസ് ഡ്രൈവറായ കേളു കുന്നിലെ കമലാക്ഷ (46), ടൂറിസ്റ്റ് ബസ് ഡ്രൈവറായ ഷരീഫ് (55), ആലംപാടി സ്വദേശിയായ യാത്രക്കാരന്‍ അബ്ദുര്‍ റഹ്്മാന്‍ (55) എന്നിവര്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിന്‍ടെച്ച് ആശുപത്രിയിലും സമീപത്തെ മറ്റു സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടം നടന്ന ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്നവരും വഴിയാത്രക്കാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അഗ്‌നി രക്ഷാസേന എത്തിയാണ് ഡ്രൈവര്‍ കമലാക്ഷയെ പുറത്തെടുത്തത്. വിവരമറിഞ്ഞയുടന്‍ കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി കേസെടുത്തു.
Post a Comment
0 Comments