Type Here to Get Search Results !

Bottom Ad

പ്രസവ രക്തം പോലും തുടയ്ക്കാതെ നവജാതശിശുവിനെ മലപ്പുറത്തുനിന്ന് പെരുമ്പാവൂര്‍ വരെ എത്തിച്ചു; അസ്മയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്, റിപ്പോര്‍ട്ട് കിട്ടിയ ശേഷം വീട്ടിലെ പ്രസവത്തില്‍ തുടര്‍ നടപടി


മലപ്പുറത്തെ വാടക വീട്ടിൽ പ്രസവത്തിനിടെ മരിച്ച പെരുമ്പാവൂർ സ്വദേശി അസ്മയുടെ പോസ്റ്റ്മോർട്ടം ഇന്ന്. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടികളിലേക്ക് കടക്കും.

അക്യുപഞ്ചർ ചികിത്സയിലൂടെ ഭർത്താവ് സിറാജുദ്ദീൻ പ്രസവമെടുക്കുമ്പോഴായിരുന്നു 35കാരിയായ അസ്മ മരിച്ചത്. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. മതിയായ ചികിത്സ ലഭിക്കാത്തിനാലാണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. അസ്മയുടെ പ്രസവം കഴിഞ്ഞ് രക്തസ്രാവമുണ്ടായിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ലെന്ന് അസ്മയുടെ കുടുംബം ആരോപിച്ചു.

സിറാജുദ്ദീൻ മൃതദേഹം മലപ്പുറത്ത് നിന്നും അസ്മയുടെ സ്വദേശമായ പെരുമ്പാവൂരിലെ വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും തർക്കത്തെ തുടർന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നവജാത ശിശുവിന്റെ ദേഹത്ത് പ്രസവ സമയത്തുള്ള രക്തം പോലും തുടച്ചു കളയാതെയാണ് ഇയാൾ മലപ്പുറത്ത് നിന്ന് പെരുമ്പാവൂർ വരെ കുഞ്ഞിനെ എത്തിച്ചതെന്നും കുടുംബം പറയുന്നു. പായയിൽ പൊതിഞ്ഞാണ് അസ്മയുടെ മൃതദേഹം ആംബുലൻസിലെത്തിച്ചതെന്നും കുടുംബം ആരോപിക്കുന്നു.

നവജാതശിശു നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ പീഡിയാട്രിക് വിഭാഗത്തിൽ നിയോ നേറ്റൽ എൻഐസിയുവിൽ ചികിത്സയിലാണ്. സിറാജുദ്ദീൻ നേരത്തെയും ഇത്തരത്തിൽ വീട്ടിൽ പ്രസവം നടത്തിയിരുന്നു. ആദ്യ രണ്ട് പ്രസവം ആശുപത്രിയിൽ വെച്ചായിരുന്നു നടത്തിയത്. എന്നാൽ അതിന് ശേഷം സിറാജുദ്ദീൻ അക്യുപങ്ചർ പഠിക്കുകയും പ്രസവം വീട്ടിൽ നടത്തുകയുമായിരുന്നു.

മലപ്പുറത്ത് ഒന്നരവർഷത്തോളം വാടകവീട്ടിൽ താമസിച്ചിട്ടും അയൽക്കാരുമായോ നാട്ടുകാരുമായോ ബന്ധമുണ്ടാക്കാൻ സിറാജുദ്ദീനും ഭാര്യ അസ്മയും താത്‌പര്യം കാണിച്ചിരുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പല തവണകളായി വീട്ടിൽ ചെന്നിട്ടുണ്ടെങ്കിലും അസ്മ ഗർഭിണിയാണെന്ന് അറിയില്ലായിരുന്നെന്നാണ് ആശവർക്കർ പറയുന്നത്. വീട്ടിൽ ചെല്ലുമ്പോഴൊക്കെ ജനലിലൂടെയാണ് അസ്മയെ കണ്ടിട്ടുള്ളതെന്നും അവർ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad