കാസര്‍കോട്: കെട്ടിട നിര്‍മ്മാണ സ്ഥലത്തുണ്ടായ സംഘട്ടനത്തില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ പ്രതി അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശി സുഭാഷ് റോയിയുടെ മകന്‍ സുശാന്ത് റോയ് (28) കൊല്ലപ്പെട്ട കേസില്‍ ബന്ധുവായ സഞ്ജിത്ത് റോയ് (25) ആണ് അറസ്റ്റിലായത്.
മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മരവടി കൊണ്ട് കഴുത്തിനേറ്റ ശക്തമായ അടിയാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍ കഴുത്തിനേറ്റ മാരകമായ പരിക്കാണ് മരണകാരണമെന്ന് കണ്ടെത്തിയതോടെയാണ് കൊലയെന്ന് തെളിഞ്ഞത്.
തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മുസ്ലിം ലീഗ് ജില്ലാ ഓഫീസ് കെട്ടിട നിര്‍മ്മാണ സ്ഥലത്ത് തൊഴിലാളികൾ മദ്യലഹരിയില്‍ വാക്ക് തര്‍ക്കവും സംഘട്ടനവും ഉണ്ടായത്.നിർമാണ കരാര്‍ ഏറ്റെടുത്ത പെരുമ്പളയിലെ ടി. ദാമോദരന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തത്. എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ കേസിന്റെ വകുപ്പ് മാറ്റി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Post a Comment
0 Comments