Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്തെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകമെന്ന്: മൃതദേഹത്തില്‍ വെട്ടേറ്റ പാടുകള്‍



കാസര്‍കോട്: കുഞ്ചത്തൂര്‍ അടുക്കപ്പള്ള മാഞ്ഞിമ്ഗുണ്ടെയില്‍ ആള്‍മറയില്ലാത്ത കിണറ്റിനകത്ത് ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ പുറത്തെടുത്ത മൃതദേഹത്തില്‍ വെട്ടേറ്റ പാടുകള്‍ കണ്ടെത്തിയതോടെയാണ് കൊലപാതകമാണെന്ന കാര്യം പൊലീസ് ഉറപ്പിച്ചത്. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കര്‍ണാടക, മുല്‍ക്കി, കൊളനാട് സ്വദേശിയും മംഗളൂരുവിലെ ഓട്ടോ ഡ്രൈവറുമായ മുഹമ്മദ് ഷെരീഫി (52)നെ വ്യാഴാഴ്ച സന്ധ്യയോടെയാണ് മാഞ്ഞിമ്ഗുണ്ടയിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.

കിണറിനു സമീപത്ത് ഒരു ഓട്ടോറിക്ഷ ചെരിഞ്ഞു കിടക്കുന്ന നിലയില്‍ കണ്ട വഴി യാത്രക്കാരനാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. കിണറ്റിനു അരികില്‍ ചോരത്തുള്ളികളും ചെരുപ്പും കണ്ടെത്തിയിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി ഓട്ടോയുടെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരണപ്പെട്ടത് മുഹമ്മദ് ഷെരീഫ് ആണെന്നു സ്ഥിരീകരിച്ചത്. ബുധനാഴ്ച രാത്രി മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. ഇതു സംബന്ധിച്ച് മുല്‍ക്കി പൊലീസില്‍ കേസുണ്ടെന്നും കണ്ടെത്തി. വിവരമറിഞ്ഞ് കുഞ്ചത്തൂരിലെത്തിയ ബന്ധുക്കള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട ഓട്ടോ മുഹമ്മദ് ഷരീഫിന്റേതാണെന്നു സ്ഥിരീകരിച്ചു.

ഇന്ന് രാവിലെ ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധിച്ച ശേഷം ഫയര്‍ഫോഴ്സാണ് മൃതദേഹം കരയ്ക്കു കയറ്റിയത്. ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാര്‍, ഇന്‍സ്പെക്ടര്‍ ഇ അനൂപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. ഈ സമയത്താണ് മൃതദേഹത്തില്‍ വെട്ടേറ്റ പാടുകള്‍ നിരവധി കണ്ടെത്തിയത്. കൊലയാളികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad