Type Here to Get Search Results !

Bottom Ad

വീട്ടില്‍ കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: വിചാരണ തുടങ്ങി


കാഞ്ഞങ്ങാട്: പടന്നക്കാട്ട് വീട്ടില്‍ കിടന്നുറങ്ങിയ പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയും ആഭരണം കവര്‍ന്ന ശേഷം റോഡരികില്‍ ഉപേക്ഷിച്ച കേസില്‍ വിചാരണ ആരംഭിച്ചു. കര്‍ണാടക കുടക് സ്വദേശി പി.എ സലീമിനെതിരെയുള്ള വിചാരണ നടപടികളാണ് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍ ആരംഭിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതിയെ ഓരോ തവണയും വിചാരണക്കായി കോടതിയില്‍ ഹാജരാക്കുന്നുണ്ട്. സ്വന്തമായി അഭിഭാഷകനെ നിയോഗിക്കാത്തതിനാല്‍ ലീഗല്‍ അഡൈ്വസറി നിയോഗിച്ച അഭിഭാഷകനാണ് പ്രതിക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്. അടച്ചിട്ട കോടതി മുറിയില്‍ ആയിരുന്നു കുട്ടിയുടെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഈസമയം പ്രതിയെ കൂടി വിചാരണക്ക് വിധേയമാക്കേണ്ടിയിരുന്നതിനാല്‍ കറുത്ത തുണി കൊണ്ട് പ്രതിയെ നിര്‍ത്തിയ കോടതി കൂട്ടിലും പെണ്‍കുട്ടിയെ നിര്‍ത്തിയിരുന്ന കോടതി കൂട്ടിലും കര്‍ട്ടണ്‍ തീര്‍ത്തിരുന്നു.

പ്രമാദമായ ഈ പോക്സോ കേസില്‍ അതീവജാഗ്രത പുലര്‍ത്തിയാണ് കോടതി നടപടികള്‍ പൂര്‍ത്തിയായത്. ജഡ്ജ് പി.എം സുരേഷാണ് സാക്ഷികളെ വിസ്തരിക്കുന്നത്. കേസിലെ മുഖ്യസാക്ഷികളില്‍ ഒരാളായ കുട്ടിയുടെ മാതാവിനെയും കോടതി വിസ്തരിച്ചു. ഇവരുടെ വിസ്താരം പൂര്‍ത്തിയായിട്ടില്ല. 67സാക്ഷികളുടെ വിസ്താരമാണ് കോടതിയില്‍ പൂര്‍ത്തിയാകാനുള്ളത്. വിചാരണ പുരോഗിക്കുമ്പോഴും നാടിനെ നടുക്കിയ പീഡന കേസിലെ പ്രതിയെ സഹായിക്കാന്‍ പ്രതിയുടെ ബന്ധുക്കളടക്കം ആരും കോടതിയിലെത്താന്‍ തയാറായില്ല. 2024 മെയ് 15ന് പുലര്‍ച്ചെയായിരുന്നു പ്രതി കൃത്യം നടത്തിയത്. പഴുതടച്ചുള്ള അന്വേഷണങ്ങള്‍ക്കൊടുവില്‍ ദിവസങ്ങള്‍ക്കകം പ്രതിയെ ആന്ധ്രയില്‍നിന്നും പൊലീസ് പിടികൂടി. കേസ് റജിസ്ട്രര്‍ ചെയ്ത 39 ദിവസത്തിനകം ഹോസ്ദുര്‍ഗ് പൊലീസ് ഇന്‍സ്പെക്ടറായിരുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ഇപ്പോഴത്തെ ചക്കരകല്ല് ഇന്‍സ്പെക്ടര്‍ എം.പി ആസാദ് 300 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. തട്ടിക്കൊണ്ട് പോകല്‍, പോക്സോ, വധശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്യുന്നതിന് വീട്ടില്‍ അതിക്രമിച്ചു കടക്കല്‍ ഉള്‍പ്പടെയുള്ള കുറ്റമാണ് പ്രതിക്കെതിരെ കുറ്റപത്രത്തിലുള്ളത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad