Type Here to Get Search Results !

Bottom Ad

ഗവാസ്‌കറെ വരവേല്‍ക്കാന്‍ കാസര്‍കോട് ഒരുങ്ങി; നഗരസഭ സ്റ്റേഡിയം റോഡിന് ഗവാസ്‌കറുടെ നാമകരണം 21ന്


കാസര്‍കോട്: ഇന്ത്യന്‍ ക്രിക്കറ്റിന് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പത്മഭൂഷന്‍ സുനില്‍ ഗവാസ്‌കര്‍ കാസര്‍കോട്ട് എത്തുന്നു. കാസര്‍കോട് നഗരസഭയുടെ ആതിഥേയത്വം സ്വീകരിച്ചെത്തുന്ന ഗവാസ്‌കറിന് 21ന് വിദ്യാനഗറില്‍ ഊഷ്മളമായ സ്വീകരണം ഒരുക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും വര്‍ക്കിംഗ് ചെയര്‍മാന്‍ കൂടിയായ നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗവും പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്റെ വരവിനെ കാസര്‍കോട് നഗരം അതിരറ്റ ആഹ്ലാദത്തോടെയും പ്രതീക്ഷയോടെയുമാണ് കാത്തിരിക്കുന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായ ഗവാസ്‌ക്കറുടെ സന്ദര്‍ശനത്തിന്റെ സ്മരണയ്ക്കായി നഗരസഭ പരിധിയിലെ റോഡിന് നാമകരണം ചെയ്യും. വിദ്യാനഗറിലെ നഗരസഭ സ്റ്റേഡിയത്തിലേക്കുള്ള റോ്ഡ് ഇനി മുതല്‍ സുനില്‍ ഗവാസ്‌കര്‍ മുനിസിപ്പല്‍ സ്റ്റേഡിയം റോഡ് എന്ന പേരില്‍ അറിയപ്പെടും. ഇന്ത്യന്‍ ടീമിനു നല്‍കിയ സംഭാവനകളും ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി നടത്തിയ സേവനങ്ങളും പരിഗണിച്ചാണ് റോഡിന് ഗവാസ്‌കറിന്റെ പേര് നല്‍കാന്‍ കാസര്‍കോട് നഗരസഭ യോഗം തീരുമാനിച്ചത്.

21ന് വൈകിട്ട് നാലുമണിയോടെ വിദ്യാനഗറിലെത്തുന്ന സുനില്‍ ഗവാസ്‌കറെ റോഡിന്റെ നാമകരണ ചടങ്ങിന് ശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ചെട്ടുംകുഴിയിലെ റോയല്‍ കണ്‍വന്‍ഷന്‍ സെന്ററിലേക്ക് ആനയിക്കും. ചടങ്ങില്‍ കാസര്‍കോട് ജനതയ്ക്ക് വേണ്ടി ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനെ ആദരിക്കും. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ക്രിക്കറ്റ് താരങ്ങളും കായികപ്രേമികളും സംബന്ധിക്കും.

പത്രസമ്മേളനത്തില്‍ സ്വാഗത സംഘം വര്‍ക്കിംഗ് കണ്‍വീനര്‍ ടി.എ ഷാഫി, സ്വാഗത സംഘം ട്രഷറര്‍ കെ.എം അബ്ദുല്‍ റഹ്്മാന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂതനന്‍, കാസര്‍കോട് പ്രസ് ക്ലബ്് പ്രസിഡന്റ് സിജു കണ്ണന്‍, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ്, നഗരസഭാ കൗണ്‍സിലര്‍ കെ.എം ഹനീഫ് എന്നിവരും പങ്കെടുത്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad