കാസര്‍കോട്: എം.ഡി.എം.എയുമായി പിടിയിലായി റിമാന്റില്‍ കഴിയുന്ന പ്രതിക്ക് പൊതുജന മധ്യത്തില്‍ അഞ്ചു ദിവസം ലഹരിക്കെതിരെ പ്ലക്കാര്‍ഡുമായി നില്‍ക്കണമെന്ന് ജില്ലാ കോടതി. പടന്നക്കാട് കുറുന്തൂര്‍ സര്‍ഫ്രീനമന്‍സിലില്‍ അബ്ദുല്‍ സഫ്‌വാനാണ് (29) ജില്ലാ കോടതി ജാമ്യത്തിന് ഉപാധിവച്ചത്. ജഡ്ജ് സാനു എസ് പണിക്കറാണ് പ്രതിക്ക് ജാമ്യത്തിലിറങ്ങാന്‍ ശ്രദ്ധേയമായ ഉത്തരവിറക്കിയത്. 2024 മെയ് 18ന് ഹോസ്ദുര്‍ഗ് പൊലീസ് 3.0 6ഗ്രാം എം.ഡി.എം.എയുമായി സഫ്വാനെ പിടികൂടുകയായിരുന്നു. ഇതിനു ശേഷം പ്രതി എട്ടു മാസത്തോളമായി കണ്ണൂര്‍ സെന്‍ട്രര്‍ ജയിലില്‍ റിമാന്റിലാണ്.
പ്രതി പല പ്രാവശ്യം ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ഒടുവില്‍ കഴിഞ്ഞ ദിവസം വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചപ്പോഴാണ് കോടതി ഉപാധിവെച്ചത്. 'നിങ്ങള്‍ മദ്യവും ലഹരിയും വര്‍ജ്ജിക്കുക, ലഹരി വഴി നിനക്ക് നഷ്ടമാകുന്നത് നിന്നെയും നിന്റെ സുഹൃത്തുക്കളെയും കുടുംബത്തെയുമാണ്' എന്ന് എഴുതിയ പ്ലക്കാര്‍ഡ് പിടിച്ചു വേണം നില്‍ക്കാനെന്ന് ഉത്തരവില്‍ കോടതി പ്രത്യേകം നിര്‍ദേശിച്ചു.
ഹോസ്ദുര്‍ഗ് പൊലീസ് ഇന്‍സ്പെക്ടര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് വേണം അഞ്ച് ദിവസവും നില്‍ക്കാനെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ പ്ലകാര്‍ഡുമായി നില്‍ക്കണം. ആഴ്ചയില്‍ ഒരു ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും പ്രതിക്ക് ജാമ്യ വ്യവസ്ഥയുണ്ട്. പ്രതി പ്ലക്കാര്‍ഡ് പിടിച്ചു നില്‍ക്കണമെന്ന ഉത്തരവ് നടപ്പിലാക്കിയ ശേഷം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയുടെ ജാമ്യ വ്യവസ്ഥ മയക്ക്മരുന്ന് മാഫിയകള്‍ക്ക് നല്‍കുന്ന ശക്തമായ താക്കീതുകൂടിയായി.
Post a Comment
0 Comments