കാസര്‍കോട്: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും പരിസരങ്ങളിലും ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ (ഡിസ്‌പോസിബിള്‍ പ്ലേറ്റ്, ഗ്ലാസ് മുതലായവ) ഉപയോഗിക്കുന്നത് കണ്ടെത്തുന്നതിനായി ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വ്യാപകമായ പരിശോധന നടത്തി.
കുമ്പള ഗ്രാമപഞ്ചായത്തിലെ നാങ്കി, കൊപ്പള്ളം കടലോരത്തുള്ള ഹോം സ്റ്റേയില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടമയ്ക്ക് 10000 രൂപ പിഴചുമത്തി. ബീച്ചിന് സമീപത്തെ കടയുടെ പരിസരം വൃത്തിയായി സൂക്ഷിക്കാതിരുന്നതിന് കടയുടമയ്ക്ക് 2000 രൂപയും വിവാഹ പാര്‍ട്ടികളില്‍ നിന്നും മറ്റും ശേഖരിച്ച മാലിന്യങ്ങള്‍ സ്വന്തം പറമ്പില്‍ അശാസ്ത്രീയമായ രീതിയില്‍ കൈകാര്യം ചെയ്തതിന് സ്വകാര്യ വ്യക്തിയില്‍ നിന്നും 2500 രൂപയും പിഴ ഈടാക്കി. പരിസരത്തെ റിസോര്‍ട്ടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി.
കാസര്‍കോട് കാര്‍ണിവല്‍ നടത്തിയ സ്ഥലത്ത് ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും മാലിന്യങ്ങളും കൂട്ടിയിട്ടത് കണ്ടെത്തിയതിനെ തുടര്‍ന്ന് സംഘാടകര്‍ക്ക് നഗരസഭ മുഖേന 10000 രൂപ ചുമത്തി. ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും വ്യത്യസ്ത സ്‌ക്വാഡുകള്‍ പരിശോധന നടത്തും. പരിശോധനയില്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ.വി മുഹമ്മദ് മദനി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. സുജന, പി.വി സൗമ്യ സ്‌ക്വാഡ് അംഗം ഇ.കെ ഫാസില്‍ പങ്കെടുത്തു.

Post a Comment
0 Comments