കാസര്‍കോട്: മഞ്ചേശ്വരം ബായാര്‍പദവിലെ ടിപ്പര്‍ ലോറി ഡ്രൈവര്‍ മുഹമ്മദ് ആസിഫിന്റെ മരണത്തില്‍ ഫോറന്‍സിക് സര്‍ജന്റെ റിപ്പോര്‍ട്ട് പുറത്ത്. ഇടുപ്പെല്ല് തകര്‍ന്നത് ലോറിയുടെ ചക്രം കയറിയാണെന്നും ആന്തരിക രക്തസ്രാവം മരണത്തിന് കാരണമായെന്നും ഫോറന്‍സിക് സര്‍ജന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോറിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആസിഫ് താഴെ വീണാണ് അപകടം സംഭവിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് സര്‍ജന്‍ ഡോ. ശ്രീകാന്ത് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പരിയാരത്ത് നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ ഇടുപ്പെല്ല് തകര്‍ന്നതാണ് മരണകാരണമെന്നു വ്യക്തമായിരുന്നു. ഇതെങ്ങിനെ സംഭവിച്ചുവെന്നു പരിശോധിക്കുന്നതിനാണ് പൊലീസ് സര്‍ജന്‍ സംഭവസ്ഥലം നേരിട്ട് സന്ദര്‍ശിച്ചത്. താഴെ വീണ ശേഷം ടിപ്പര്‍ ലോറി മുന്നോട്ടു നീങ്ങുകയും പിന്‍ ഭാഗത്തെ ടയര്‍ കയറിയിറങ്ങുകയും ഇടുപ്പെല്ല് തകര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടായതെന്നുമാണ് പൊലീസ് സര്‍ജന്‍ അന്വേഷണ സംഘത്തിനു രേഖാമൂലം നല്‍കിയ വിദഗ്ദ്ധ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ അറിയിക്കാന്‍ ഫോറന്‍സിക് സര്‍ജന്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. ഉത്തംദാസിനെ വെള്ളിയാഴ്ച പരിയാരത്തേക്ക് വിളിപ്പിച്ചിരുന്നു. സര്‍ജന്‍ നല്‍കിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും കോപ്പി പരാതിക്കാരനു കൈമാറുമെന്നു പൊലീസ് പറഞ്ഞു.
ജനുവരി 15ന് രാത്രിയിലാണ് മുഹമ്മദ് ആസിഫിനെ കായര്‍ക്കട്ടയില്‍ ലോറിക്ക് സമീപം അവശനിലയില്‍ കാണപ്പെട്ടത്. രാത്രി വീട്ടില്‍ നിന്ന് പുറപ്പെട്ട യുവാവിനെ പിന്നീട് അന്വേഷിച്ചപ്പോള്‍ വീട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കായര്‍ക്കട്ടയില്‍ റോഡരികില്‍ ലോറി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവിന്റെ ചെരിപ്പുകള്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ലോറിക്ക് സമീപം തന്നെയാണ് അവശനിലയില്‍ ആസിഫിനെ കണ്ടെത്തിയത്.
Post a Comment
0 Comments