തൃക്കരിപ്പൂര്‍: സ്ത്രീകള്‍ക്കെ നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയുയര്‍ന്ന ഡി.വൈ.എഫ്.ഐ നേതാവും ഉദിനൂര്‍ സ്‌കൂള്‍ അധ്യാപകനുമായ സുജിത് കൊടക്കാടിനെതിരെ നടപടിയാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ രംഗത്ത്. പതിനഞ്ചില്‍പരം സ്ത്രീകള്‍ പരാതിയുമായി രംഗത്തു വന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത സ്‌കൂളിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും അധ്യാപക ജോലിയില്‍ നിന്നും പുറത്താക്കണമെന്നും എം.എസ്.എഫ് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ മാനസികാവസ്ഥ പോലും പരിഗണിക്കാതെയുള്ള സ്‌കൂള്‍ അധികൃതരുടെയും ഗുരുതരമായ പരാതികളുണ്ടായിട്ടും കൃത്യമായ അന്വേഷണം പ്രഖ്യാപിക്കാത്ത പൊലീസിന്റെയും സമീപനം കണ്ടുനില്‍ക്കാനാവില്ലെന്നും ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും മണ്ഡലം പ്രസിഡന്റ് റാഹില്‍ മൗക്കോട്, ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് ത്വല്‍ഹത് പെരുമ്പട്ട മുന്നറിയിപ്പ് നല്‍കി.
സുജിത്ത് കൊടക്കാടിനെ സ്‌കൂളില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉദിനൂരിലെ എയ്ഡഡ് യു.പി സ്‌കൂളിലേക്ക് നേതാക്കളും പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. ഉദിനൂര്‍ രാജീവ് ഭവന്‍ പരിസരത്ത് നിന്ന് സ്‌കൂളിലേക്ക് നടത്തിയ മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കാര്‍ത്തികേയന്‍ പെരിയ ഉദ്ഘാടനം ചെയ്തു. കെഎസ്‌യു മണ്ഡലം പ്രസിഡന്റ് എ.വി വരുണ്‍രാജ് അധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂര്‍, വൈസ് പ്രസിഡന്റ് വിഷ്ണു കാട്ടുമാടം, യൂത്ത് കോണ്‍ഗ്രസ് തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് പ്രമീഷ് തൈക്കീല്‍, പിലിക്കോട് മണ്ഡലം പ്രസിഡന്റ് വി. സുധീഷ്, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സുബീഷ് ഒളവറ, പ്രവാസി കോണ്‍ഗ്രസ് തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് പറമ്പന്‍ രവി, ടി.വി സുനില്‍കുമാര്‍,
കെ.പി.വി സജേഷ്, രാഹുല്‍ പൊതുവാള്‍, എം.കെ സലാഹുദ്ദീന്‍, കെ.ജെ ദേവരാജ്, പ്രസാദ് ഈയ്യക്കാട് സംസാരിച്ചു.
Post a Comment
0 Comments