കുമ്പള: കുമ്പള ഗ്രാമപഞ്ചായത്തിലെ കഞ്ചിക്കട്ട- കൊടിയമ്മ പാലം വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ച് വര്‍ഷം ഒന്നു പിന്നിട്ടിട്ടും പുനര്‍നിര്‍മാണം വൈകുന്നു. 2023 ഡിസംബര്‍ മാസമായിരുന്നു അപകടാവസ്ഥയിലായ പാലം ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖരന്‍ അടച്ചിടാന്‍ ഉത്തരവിറക്കിയത്. എന്നിട്ടും പുനര്‍നിര്‍മാണ കാര്യത്തില്‍ അനശ്ചിതത്വം നിലനില്‍ക്കുന്നു.
കഞ്ചിക്കട്ട പാലത്തിന്റെ ദുരവസ്ഥയും കാലപ്പഴക്കവും നാട്ടുകാര്‍ ചൂണ്ടിക്കാട്ടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പാലം പുതുക്കി പണിയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ കലക്ടറേറ്റിന് മുന്നില്‍ സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. എ.കെ.എം അഷ്‌റഫ് എം.എല്‍.എ വിഷയം നിയമസഭയില്‍ പോലും ചൂണ്ടിക്കാട്ടി സംസാരിച്ചു. ഇതിന്റെ അടി സ്ഥാനത്തില്‍ പിഡബ്ല്യുഡി- ജലസേചന വകുപ്പുതല ഉദ്യോഗസ്ഥര്‍ പ്രദേശം സന്ദര്‍ശിച്ചു സത്യാവസ്ഥ മനസിലാക്കി റിപ്പോര്‍ട്ടും നല്‍കി. ഇതുകൊണ്ടൊന്നും പുനര്‍നിര്‍മാണത്തിന് പുരോഗതി ഉണ്ടായില്ലെന്ന് ആദി ദളിത് മുന്നേറ്റ സമിതി ജില്ലാ പ്രസിഡന്റ് പി.കെ ചന്ദ്രശേഖര്‍ പറഞ്ഞു.
നേരത്തെ പാലം വഴി നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങള്‍, സ്‌കൂള്‍ ബസുകളും പോകാറുണ്ടായിരുന്നു. പാലത്തിന്റെ അപകടാവസ്ഥ മനസിലാക്കിയാണ് കഴിഞ്ഞ വര്‍ഷം പാലം അടച്ചിടാന്‍ കലക്ടര്‍ ഉത്തരവ് ഇറക്കിയത്. പാലം അടച്ചിടുമ്പോള്‍ പകരം സംവി ധാനം ഒരുക്കിയിരുന്നില്ല. അതിനാല്‍ പാലം ഉപയോഗപ്പെടുത്തിയിരുന്ന ആറോളം പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് കുമ്പള ടൗണിലേക്കും സ്‌കൂളിലേക്കും എളുപ്പത്തില്‍ എത്തിച്ചേരേണ്ട വഴിയാണ് അടഞ്ഞത്. ഇതുമൂലം വിദ്യാര്‍ഥികള്‍ അടക്കമുള്ള നാട്ടുകാര്‍ക്ക് ഏറെ പ്രയാസവും സമയ നഷ്ടവും ഉണ്ടാക്കിയിട്ടുണ്ട്.
1972ല്‍ സ്ഥാപിച്ചതാണ് പാലം. അരനൂറ്റാണ്ട് പഴക്കമുണ്ട്. ഗതാഗത സൗകര്യത്തിന് പുറമെ വേനല്‍ക്കാലത്ത് കൃഷിയിടങ്ങളിലേക്ക് വെള്ളം കയറാതിരിക്കാനും കര്‍ഷകര്‍ക്ക് കൃഷിക്ക് വേണ്ടി വെള്ളം സംഭരിക്കാനുള്ള ആവശ്യത്തിനായിരുന്നു വി.സി.ബി സംവിധാനത്തോടെ പാലം നിര്‍മ്മി ച്ചത്.നേരത്തെ ഇതിലൂടെ ബസ് സര്‍വീസുകളും ഉണ്ടായിരുന്നുവെന്ന് ആദി ദളിത് മുന്നേറ്റ സമിതി ചൂണ്ടിക്കാട്ടുന്നുണ്ട്.
വിഷയത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പാലത്തിന്റെ പുനര്‍നിര്‍മാണം വി.സി.ബി സംവിധാനത്തോടെ തന്നെ നടത്തണമെന്നും നാട്ടുകാരുടെയും കര്‍ഷകരുടെയും ആശങ്കയ്ക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് ആദി ദളിത് മുന്നേറ്റ ഘടകം ജില്ലാ കമ്മിറ്റി പ്രസിഡന്റ് പി.കെ ചന്ദ്രശേഖര നിവേദനം നല്‍കി. നേരത്തെ ചന്ദ്രശേഖരന്‍ താലൂക്ക്തല അദാലത്തിലും നിവേദനം നല്‍കിയിരുന്നു.
Post a Comment
0 Comments