കാസര്‍കോട്: മൊഗ്രാല്‍ പേരാല്‍ പൊട്ടോടിമൂല വീട്ടില്‍ മുഹമ്മദ് കുഞ്ഞി ഹാജിയുടെ മകന്‍ അബ്ദുള്‍ സലാമിനെ (22) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതി നാളെ വിധി പറയും. കുമ്പള ബദരിയ നഗറിലെ മാങ്ങമുടി സിദ്ധിഖ് (46), ഉമ്മര്‍ ഫാറൂഖ് (36), പെര്‍വാഡിലെ സഹീര്‍ (36), പേരാലിലെ നിയാസ് (38), ആരിക്കാടി ബംബ്രാണിയിലെ ഹരീഷ്(36), പെര്‍വാഡ് കോട്ടയിലെ ലത്തീഫ് (43) എന്നിവരാണ് കേസിലെ പ്രതികള്‍.2017 ഏപ്രില്‍ 30-ന് വൈകിട്ടാണ് അബ്ദുല്‍ സലാമിനെ കുമ്പള മൊഗ്രാല്‍ മാളിയങ്കര കോട്ടയില്‍ വച്ച് മാരകായുധങ്ങളുമായി അക്രമിച്ച് കൊലപ്പെടുത്തിയത്. സലാമിനൊപ്പമുണ്ടായിരുന്ന നൗഷാദിന് (28) അക്രമി സംഘത്തിന്റെ കുത്തേറ്റ് പരിക്കേറ്റിരുന്നു.
നൗഷാദിനെ കുത്തേറ്റു വീണ നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് നിന്നും 50 മീറ്റര്‍ അകലെയാണ് കഴുത്തറുത്ത നിലയില്‍ സലാമിന്റെ മൃതദേഹം കണ്ടെത്തിയത്. കുമ്പളയില്‍ മുന്‍ പഞ്ചായത്തംഗം ബി.എ.മുഹമ്മദിന്റെ മകന്‍ പേരാല്‍ പൊട്ടോരിയിലെ ഷെഫീഖിനെ കൊന്ന കേസിലും കാസര്‍കോട് ടൗണ്‍ സ്റ്റേഷന്‍ പരിധിയില്‍ വാഹനം കത്തിച്ച കേസിലും സലാം പ്രതിയായിരുന്നു. 2014 മാര്‍ച്ചിലാണ് ഷെഫീഖ് വധ ക്കേസില്‍ സലാം പ്രതിയാകുന്നത്. കൃത്യത്തിനു ശേഷം വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പൊലീസ് സലാമിനെ പിടികൂടിയത്. സലാമിന്റെ നേതൃത്വത്തിലുള്ള സംഘം മാങ്ങമുടി സിദ്ധിഖിനെ വീടുകയറി അക്രമിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.
Post a Comment
0 Comments