Type Here to Get Search Results !

Bottom Ad

പെരിയ ഇരട്ട കൊലക്കേസ് വിധി ദിനം സി.ബി.ഐ കോടതി 23ന് പ്രഖ്യാപിക്കും


കാസര്‍കോട്‌: സി.പി.എമ്മിന്റെ പ്രതികാര രാഷ്ട്രീയത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിനുറുക്കിയ കേസില്‍ വിധി ദിനം ഈമാസം 23ന് കൊച്ചി സി.ബി.ഐ കോടതി പ്രഖ്യാപിക്കും. 2019 ഫെബ്രുവരി 17ന് രാത്രി ഏഴരയോടെ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാല്‍, ക്യപേഷ് എന്നിവര്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ വാഹനങ്ങളില്‍ പിന്തുടര്‍ന്നെത്തിയ സിപിഎമ്മുകാര്‍ വെട്ടിനുറുക്കി കൊല പ്പെടുത്തിയ കേസിലാണ് വിധി വരാനിരിക്കുന്നത്. രാഷ്ട്രീയ വിരോധം കാരണം കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയത്.

ആദ്യം ബേക്കല്‍ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസില്‍ ക്രൈംബ്രാഞ്ച് ഒന്നാം പ്രതിയും സിപിഎം നേതാവുമായ എ പിതാംബരന്‍ അടക്കം 11 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ 2019 ഫെബ്രുവരി 22 മുതല്‍ ജാമ്യം പോലും കിട്ടാതെ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്. ഇതിനു ശേഷം ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ നടത്തിയ ദീര്‍ഘമായ നിയമ പോരാട്ടത്തിനൊടുവില്‍ സുപ്രീം കോടതി കേസന്വേഷണം സി.ബി.ഐക്ക് കൈമാറി. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് ഡി.വൈ.എസ്.പി അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തോളം അന്വേഷണം നടത്തി.

2021 ഡിസംബര്‍ ഒന്നിന് അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തു. കേസില്‍ 24 പ്രതികളാണുള്ളത്. സി.ബി.ഐ അറസ്റ്റ് ചെയ്ത സി.പി.എം ബ്രാഞ്ച് സെക്രട്ടറി രാജേഷ് എന്ന രാജു (38), പ്രവര്‍ത്തകരായ സുരേന്ദ്രന്‍ എന്ന വിഷ്ണു സുര(47) ശാസ്താ മധു (40) ഹരിപ്രസാദ് (32) റെജി വര്‍ഗീസ് (47) എന്നിവര്‍ മൂന്നു വര്‍ഷത്തിലേറെയായി ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്. ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്ത കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറിയായിരുന്ന ബാലകൃഷ്ണന്‍, മണി എന്നിവര്‍ കോടതിയില്‍ ഹാജരായി ജാമ്യത്തിലിറങ്ങി. സിബിഐ പ്രതിചേര്‍ത്ത ഇരുപതാം പ്രതിയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവും മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, അടക്കം അഞ്ചു പേര്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. കേസിലെ 24 പ്രതികളില്‍ 16 പേര്‍ ജയിലിലും എട്ടു പേര്‍ ജാമ്യത്തിലുമാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad