കാസര്‍കോട്: സ്വകാര്യ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിനെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. നിയമലംഘനത്തിന് ഒരാഴ്ചയ്ക്കിടെ ജില്ലയില്‍ പത്തിലേറെ വാഹനങ്ങള്‍ പിടികൂടി. ആലപ്പുഴയില്‍ വിദ്യാര്‍ഥികള്‍ വാടകയ്‌ക്കെടുത്ത കാര്‍ കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ച സംഭവത്തിനു പിന്നാലെയാണ് ജില്ലയിലും ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ എം.വി.ഡി നടപടി ശക്തമാക്കിയത്.
ഒരു വാഹന ഉടമയ്ക്കും കാര്‍ വാടകയ്ക്ക് കൊടുക്കാനുള്ള അവകാശം ഇല്ലെന്നും സ്വയം ഡ്രൈവിംഗ് ചെയ്യുക, കുടുംബക്കാരെ കൊണ്ടുപോകുക എന്നിവയ്ക്ക് മാത്രമാണ് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാവൂവെന്നാണ് മോട്ടോര്‍ വാഹന നിയമം. എന്നാല്‍ ഗള്‍ഫില്‍ നിന്ന് അടക്കം അവധിക്ക് നാട്ടില്‍ എത്തുന്നവര്‍ക്കും കോളജ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും നിരവധി പേര്‍ മണിക്കൂറുകളും ദിവസങ്ങളും വച്ച് കാര്‍ വാടകയ്ക്ക് നല്‍കുന്നു. അങ്ങനെയുള്ള വാഹനങ്ങള്‍ പിടികൂടിയാല്‍ തുടക്കത്തില്‍ പിഴ ഈടാക്കുകയും നിയമ ലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ആര്‍സി അടക്കം കാന്‍സല്‍ ചെയ്യുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ വ്യക്തമാക്കി.
വാഹനം ആവശ്യമുള്ളവര്‍ ഓട്ടോറിക്ഷകളും ടാക്‌സി കാറുകളും ഉപയോഗിക്കുകയാണ് വേണ്ടത്. കാര്‍ വാടകയ്ക്ക് വാങ്ങി കവര്‍ച്ചയ്ക്കും മയക്കുമരുന്ന് കടത്തിനും മറ്റു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുമ്പോള്‍ കാര്‍ ഉടമയും പ്രതിയാകും. ഇരുചക്ര വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കിയാലും പിടിവീഴും. മഞ്ചേശ്വരം, കാസര്‍കോട്, കാഞ്ഞങ്ങാട് എന്നീ മേഖലകള്‍ തിരിച്ച് മൂന്നു സ്‌ക്വാഡുകളായാണ് വാഹനപരിശോധന ശക്തമാക്കിയിരിക്കുന്നത്.
Post a Comment
0 Comments