കാസര്‍കോട്: ആലംപാടി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലുണ്ടായത് ഭക്ഷ്യജന്യ രോഗമാണെന്നു ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാലിന്റെയും മറ്റു ഭക്ഷ്യവസ്തുക്കളുടെയും സാമ്പിള്‍ ശാസ്ത്രീയ പരിശോധനക്കയച്ചു. അപ്പര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന്റെ ഭാഗമായി വിതരണം ചെയ്ത പാല്‍ കുടിച്ച് അസ്വസ്ഥത അനുഭവപ്പെട്ട് 35 കുട്ടികളാണ് കഴിഞ്ഞ ദിവസം ആശുപത്രികളില്‍ ചികിത്സതേടിയത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ 19 കുട്ടികളും വിദ്യാനഗര്‍ ചൈത്ര ആശുപത്രിയില്‍ 16 കുട്ടികളുമാണ് ശാരീരികാസ്വസ്ഥതയെ തുടര്‍ന്ന് ചികിത്സതേടിയത്.
ഛര്‍ദിയും ക്ഷീണവും അനുഭവപ്പെട്ട കുട്ടികളെ രക്ഷിതാക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എട്ടുപേരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരിച്ചയച്ചു. ചികിത്സയില്‍ പ്രവേശിപ്പിച്ച മുപ്പതിലധികം കുട്ടികള്‍ ഇന്നും ആശുപത്രിയില്‍ ചികിത്സയിലാണ്. പാലില്‍ നിന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നു സംശയിക്കുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായാണ് സാമ്പിളുകള്‍ ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാംദാസ് എ.വി പത്രക്കുറിപ്പില്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്‌കൂളില്‍ പാല്‍ വിതരണം നിര്‍ത്തിവച്ചിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ സമഗ്രമായി അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments