Type Here to Get Search Results !

Bottom Ad

ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ ടി. ഉബൈദ് സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം കവി സച്ചിദാനന്ദന്



കാസര്‍കോട്: ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ 'കവി ടി. ഉബൈദ് സ്മാരക സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം' വിഖ്യാത കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ പ്രൊഫ. കെ. സച്ചിദാനന്ദന് സമ്മാനിക്കും. കവിതയിലും മലയാള ഭാഷയിലും അതോടൊപ്പം, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും ശ്രദ്ധേയ സംഭാവനകളര്‍പ്പിച്ചതിനാണ് ഉബൈദ് സ്മരണകള്‍ നിലനിര്‍ത്താന്‍ ഏര്‍പ്പെടുത്തിയ രണ്ടാമത് പുരസ്‌കാരത്തിന് സച്ചിദാനന്ദനെ തിരഞ്ഞെടുത്തത്.

ഡോ: എം.കെ മുനീര്‍ എം.എല്‍.എ, ടി.പി ചെറൂപ്പ, കല്ലട്ര മാഹിന്‍ ഹാജി, എ. അബ്ദുല്‍ റഹ്മാന്‍, യഹ്യ തളങ്കര, ജലീല്‍ പട്ടാമ്പി എന്നിവരാണ് ജൂറി അംഗങ്ങള്‍. ഒക്ടോബറില്‍ ദുബായില്‍ നടക്കുന്ന ചടങ്ങില്‍ സാമൂഹിക, സാംസ്‌കാരിക, സാഹിത്യ, രാഷ്ട്രീയ രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ സംബന്ധിക്കും. 50,001 രൂപയാണ് അവാര്‍ഡ് തുക.

ടി. ഉബൈദ് മാഷിന്റെ വേര്‍പാടിന്റെ 52 വര്‍ഷം പിന്നിട്ട വേളയില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മതേതര മൂല്യങ്ങളുടെയും സാഹോദര്യത്തിന്റെയും പ്രചാരകനും കാവലാളുമെന്ന നിലയില്‍ സച്ചിദാനന്ദന്‍ മാസ്റ്ററെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്ത് ആദരിക്കാനാകുന്നതില്‍ അഭിമാനവുമുണ്ടെന്നും ഉബൈദ് മാസ്റ്ററുടെ മാതൃകാ ജീവിതം വരുംതലമുറയ്ക്ക് പകരാന്‍ നിരവധി വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ആലോചനയിലുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. ഇംഗ്ലീഷ് പ്രഫസറായ സച്ചിദാനന്റേതായി മലയാളത്തില്‍ 42 കൃതികളും കവിതാ സമാഹാരങ്ങളും ഇംഗ്ലീഷില്‍ 9 കൃതികളും അറബിക്, ഐറിഷ്, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, സ്പാനിഷ്, ചൈനീസ്, ജാപനീസ് ഭാഷകളില്‍ 41 വിവര്‍ത്തനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുത്തച്ഛന്‍ പുരസ്‌കാരം, മാതൃഭൂമി സാഹിത്യ പുരസ്‌കാരം, കേരള- കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, കേരളയൂണിവേഴ്സിറ്റിയുടെ ഒ.എന്‍.വി അവാര്‍ഡ്; കര്‍ണാടക, ആന്ധ്ര, ഒഡീഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ പ്രമുഖ പുരസ്‌കാരങ്ങള്‍ എന്നിവയുള്‍പ്പെടെ 75ലധികം പ്രമുഖ ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ടി. ഉബൈദ് സ്മാരക പ്രഥമ അവാര്‍ഡ് കോഴിക്കോട് അളകാപുരിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കവിയും സാംസ്‌കാരിക പ്രവര്‍ത്തകനും പ്രഭാഷകനുമായ ആലങ്കോട് ലീലാ കൃഷ്ണനാണ് നല്‍കിയത്. വാര്‍ത്താ സമ്മേളനത്തില്‍ ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍, അബ്ദുല്ല ആറങ്ങാടി, കെ.പി അബ്ബാസ് കളനാട്, ഹസൈനാര്‍ ബീജന്തടുക്ക പങ്കെടുത്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad