Type Here to Get Search Results !

Bottom Ad

തൃശൂരില്‍ ഇടിമിന്നലേറ്റ് രണ്ട് മരണം; ജില്ലയില്‍ മഴ ശക്തം



തൃശൂര്‍ (www.evisionnews.in): ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു. വടപ്പാട് കോതകുളം ബീച്ചില്‍ വാഴൂര്‍ ക്ഷേത്രത്തിന് സമീപം വേളേക്കാട്ട് സുധീറിന്റെ ഭാര്യ നിമിഷ(42), വേലൂര്‍ കുറുമാന്‍ പള്ളിക്ക് സമീപം താമസിക്കുന്ന തോപ്പില്‍ വീട്ടില്‍ ഗണേശന്‍ (50) എന്നിവരാണ് മരിച്ചത്. വീടിനകത്തിരിക്കുമ്പോഴാണ് ഗണേശന് മിന്നലേറ്റത്. രാവിലെ വീടിന് പുറത്തെ ബാത്ത് റൂമില്‍ കുളിച്ചുകൊണ്ടിരിക്കെയാണ് നിമിഷയ്ക്ക് ഇടിമിന്നലേറ്റത്.

അതേസമയം തൃശൂരിലുണ്ടായ ശക്തമായ മഴയിൽ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. ഇക്കണ്ടവാര്യർ റോഡ്, അക്വാട്ടിക്ലൈൻ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. ഇന്നു രാവിലെ തുടങ്ങിയ മഴ മണിക്കൂറുകള്‍ പിന്നിട്ടിട്ടും തുടരുകയാണ്. ശക്തമായ മിന്നലിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് പേമാരി. വെള്ളക്കെട്ടില്‍ നഗര പ്രദേശം സ്തംഭിച്ചു. പലയിടത്തും വീടുകളിലേക്ക് വെള്ളം കയറി. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തിവച്ചു.

അതിനിടെ കനത്ത മഴയേത്തുടർന്ന് തൃശ്ശൂർ ഒല്ലൂരിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിൻ ഗതാഗതം അല്പസമയത്തേക്ക് തടസ്സപ്പെട്ടു. ഇതേത്തുടർന്ന് നാല് ട്രെയിനുകൾ പുതുക്കാട് ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ പിടിച്ചിട്ടു. തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്‌സ്, തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്‌ദി, തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ‌്പ്രസ്, എറണാകുളം-ബെംഗളൂരു ഇൻ്റർസിറ്റി എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടത്.

ഒല്ലൂരിൽ ട്രാക്കിൽനിന്ന് മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചതോടെയാണ് ഈ ട്രെയിനുകൾ സർവീസ് തുടർന്നത്. ഇതിനുപുറമേ തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് സിഗ്നൽ സംവിധാനവും തകരാറിലായി. ഇതും ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. ശക്തമായ മഴയെത്തുടർന്ന് തൃശ്ശൂർ നഗരത്തിലെ മൂന്ന് ആശുപത്രികളിൽ വെള്ളം കയറി. ഇരിങ്ങാലക്കുടി, പൂതംകുളം ജങ്ഷൻ, കുന്നംകുളം എന്നിവിടങ്ങളിലും വെള്ളക്കെട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad