കാസര്‍കോട്: കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസ് വിധി പറയുന്ന തീയതി തീരുമാനിക്കാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് 20ലേക്ക് മാറ്റിവച്ചു. ഈമാസം തന്നെ കേസില്‍ വിധി പറയുമെന്നാണ് പ്രതീക്ഷ. വിചാരണയും അന്തിമവാദവും തുടര്‍നടപടികളും പൂര്‍ത്തിയായ കേസ് കഴിഞ്ഞദിവസം കോടതി പരിഗണിച്ചിരുന്നു. വിധി പറയുന്നതിന് മുന്നോടിയായി കുറച്ച് നടപടിക്രമങ്ങള്‍ കൂടി ബാക്കിയുണ്ട്. അതിനാലാണ് വിധി പറയുന്ന തീയതി തീരുമാനം വൈകുന്നത്.
വിധി പറയുന്നതിന് മുമ്പുള്ള അവസാനവാദമാണ് കോടതിയില്‍ നടക്കുന്നത്. പ്രതികളുടെ മൊഴികളും സാക്ഷിമൊഴികളും പരിശോധിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് അവസാന വാദം നടത്തുന്നത്. കോവിഡ് കാലത്ത് മാറ്റിവെക്കേണ്ടിവന്ന കേസുകളും ഇപ്പോള്‍ ജില്ലാ കോടതിയുടെ പരിഗണനയാണ്. ഈ കേസുകള്‍ക്ക് കാല താമസം വന്നതിനാല്‍ സമബന്ധിതമായി പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കോടതിയില്‍ ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. ഇതിനിടയില്‍ തന്നെ യാണ് റിയാസ് മൗലവി വധക്കേസും പരിഗണിക്കുന്നത്.
2017 മാര്‍ച്ച് 21ന് പുലര്‍ച്ചെയാണ് പഴയ ചൂരി പള്ളിയോട് ചേര്‍ന്നുള്ള താമസ സ്ഥലത്ത് അതിക്രമിച്ചുകയറിയ സംഘം റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. റിയാസ് മൗലവി വധക്കേസുമായി ബന്ധപ്പെട്ട് കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ്, കേളുഗുഡ്‌ഢെയിലെ നിതിന്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്നത്തെ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് റിയാസ് മൗലവി വധക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
Post a Comment
0 Comments