കാസര്‍കോട്: രണ്ടു മന്ത്രിമാര്‍ പങ്കെടുത്ത 'കരുതലും കൈത്താങ്ങും' എന്ന പരിപാടി പ്രഹസനമാണെന്ന് മുസ്്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി. നൂറുകണക്കിന് ആളുകളെ കാസര്‍കോട് താലൂക്കിന്റെ പല ഭാഗങ്ങളില്‍ നിന്നും വിളിച്ചുവരുത്തി ഒന്നുമില്ലെന്ന് പറയാനാണോ മന്ത്രിമാര്‍ കൊട്ടിഘോഷിച്ച് പരിപാടി നടത്തിയതെന്ന് മാഹിന്‍ ഹാജി ചോദിച്ചു.
സാധാരണക്കാര്‍ക്കും കാസര്‍കോടിന് പൊതുവെയും ഏതുതരത്തിലുള്ള കൈത്താങ്ങും കരുതലുമാണ് പരിപാടിയെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം. വിരലിലെണ്ണാവുന്ന ആളുകള്‍ക്ക് ബിപിഎല്‍ കാര്‍ഡ് നല്‍കാന്‍ രണ്ടു മന്ത്രിമാരും പരിവാരങ്ങളും തിരുവനന്തപുരത്ത് നിന്ന് ഇങ്ങോട്ട് എഴുന്നള്ളിയത് പരിഹാസ്യമാണ്.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ലോകത്തിന് തന്നെ മാതൃകയാവുന്ന വിധത്തില്‍ നടത്തിയ ജനസമ്പര്‍ക്കത്തെ ഇവര്‍ എങ്ങനെ കളിയാക്കിയതെന്ന് കേരളീയര്‍ മറന്നിട്ടില്ല. വില്ലേജ് ഓഫീസറുടെ പണിയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് പരിഹസിച്ചവര്‍ ഇപ്പോള്‍ വില്ലേജ് ഓഫീസിലെ പ്യൂണിന്റെ പണിയാണെടുക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയും ഇപ്പോഴത്തെ ഇവരുടെ കണ്ണില്‍ പൊടിയിടലും സാധാരണക്കാര്‍ക്ക് നല്ലതു പോലെയറിയാം.
ജനോപകാരപ്രദമായ എത്രയോ നടപടികളും തീരുമാനങ്ങളുമാണ് ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയിലുണ്ടായത്. സാങ്കേതികത്വത്തിന്റെ പേരില്‍ ഒരിക്കലും സാധാരണക്കാര്‍ക്ക് അനുഭവഭേദ്യമാകാതിരുന്ന പല പദ്ധതികളും ജനനന്മയ്ക്കായി ഉപയോഗപ്പെടുത്താന്‍ സാധിച്ചത് ജനസമ്പര്‍ക്ക പരിപാടിയില്‍ നിന്നു കിട്ടിയ അനുഭവത്തിന്റെ വെളിച്ചത്തില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടി പുറപ്പെടുവിച്ച നിരവധി സര്‍ക്കാര്‍ ഉത്തരവുകളുടെ ഫലമായിട്ടായിരുന്നു. നാടിനെ തുറിച്ചു നോക്കുന്ന ഒരു പ്രശ്നവും കരുതലും കൈത്താങ്ങും തൊട്ടിട്ടില്ല. ജില്ല നേരിടുന്ന ആരോഗ്യ മേഖലയിലടക്കമുള്ള പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാന്‍ പോലും മന്ത്രിമാര്‍ക്ക് താത്പര്യമില്ലായിരുന്നു. ഇതു കരുതലും കൈത്താങ്ങുമല്ലെന്നും തികഞ്ഞ കാപട്യമാണെന്നും മാഹിന്‍ ഹാജി പരിഹസിച്ചു.
Post a Comment
0 Comments