ദുബായ്: കഴിഞ്ഞ 20 വർഷത്തിനിടെ, ചെറുകിട ഇടത്തരം സംരംഭങ്ങൾ (എസ്എംഇകൾ, ദ് മുഹമ്മദ് ബിൻ റാഷിദ് എസ്റ്റാബ്ലിഷ്മെന്റ് ഫോർ സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ്) വഴി വിവിധ മേഖലകളിലായി 11000ത്തിലധികം സ്റ്റാർട്ടപ്പുകൾ ദുബായിൽ ആരംഭിച്ചതായി റിപ്പോർട്ട്. ദുബായിയെ ലോകത്തര വ്യാവസായിക കേന്ദ്രമായി വികസിപ്പിക്കുന്നതിലും ഇവ നിർണ്ണായക പങ്ക് വഹിക്കുന്നു. എസ്.എം.ഇ വഴി 45000 സംരംഭകരാണ് ദുബായിൽ ഉണ്ടായിരുന്നത്. മുഹമ്മദ് ബിൻ റാഷിദ് ഫണ്ടിന് ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് 472 കോടിയിലധികം രൂപ വായ്പ നൽകാൻ കഴിഞ്ഞു. 18,000 കോടിയിലധികം രൂപയുടെ കരാറുകളാണ് ജിപിപി (ഗവണ്മെന്‍റ് പ്രൊക്യുർമെന്‍റ് പ്രോഗ്രാം) വഴി നൽകിയത്. ദുബായ് എസ്.എം.ഇ.യുടെ വിദ്യാഭ്യാസ സംരംഭമായ ദുബായ് എന്‍റർപ്രണർഷിപ്പ് അക്കാദമി വഴി 39,000 പേർക്ക് വിവിധ മേഖലകളിൽ പരിശീലനം നൽകി. ദുബായിലെ മൊത്തം കമ്പനികളുടെ 99.2 ശതമാനവും ചെറുകിട വ്യവസായ സ്ഥാപനങ്ങളാണ്. തൊഴിൽ ശക്തിയുടെ 50.5% ഈ മേഖലയിലാണ്. കാലത്തിന്‍റെ വെല്ലുവിളികളെ അതിജീവിച്ച് ദുബായിൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾ മുന്നേറുകയാണെന്ന് ദുബായ് ഇക്കോണമി ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ ജനറൽ ഹിലാൽ സയീദ അൽമർറി ചൂണ്ടിക്കാട്ടി. 2021ൽ മാത്രം 2031 ചെറുകിട, ഇടത്തരം സംരംഭങ്ങൾ വിവിധ മേഖലകളിൽ ദുബായിൽ ആരംഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
Post a Comment
0 Comments