സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന 'പാപ്പൻ'സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. സസ്പെൻസ് നിറഞ്ഞ ട്രെയിലർ ഇതിനോടകം തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. സൂപ്പർഹിറ്റ് ജോഡികളുടെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. മുൻ പോലീസ് ഉദ്യോഗസ്ഥനായ എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഗോകുൽ സുരേഷ് ഗോപി, നിത പിള്ള എന്നിവരും ചിത്രത്തിൽ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. എബ്രഹാം മാത്യു മാത്തൻ കൊലപാതക പരമ്പര അന്വേഷിക്കാൻ എത്തുന്നതും തുടർന്നുള്ള അന്വേഷണവുമാണ് ട്രെയിലർ പറയുന്നത്. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ സുരേഷ് ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രം കൂടിയാണ്. നൈല ഉഷ, വിജയരാഘവൻ, ജനാർദ്ദനൻ, ടിനി ടോം, നന്ദു, ചന്തുനാഥ്, ആശാ ശരത് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഇതാദ്യമായാണ് സുരേഷ് ഗോപിയും ഗോകുലും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്‍റെയും ക്യൂബ്സ് ഇന്‍റർനാഷണൽ ഗ്രൂപ്പിന്‍റെയും ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയും ഷെരീഫ് മുഹമ്മദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആർ ജെ ഷാൻ ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്.
Post a Comment
0 Comments