കാസര്‍കോട് (www.evisionnews.in): ''വ്യാഴാഴ്ച വരെ ഓണ്‍ലൈനിലൂടെ ക്ലാസ് നടന്നിരുന്നു. ഇന്നലെ സ്ഥിതി കുറച്ച് സീരിയസായിരുന്നു. ഉച്ചയോടെ അത്യാവശ്യം സാധനങ്ങളെടുത്ത് ബാഗ് പായ്ക്ക് ചെയ്യാന്‍ നിര്‍ദേശം ലഭിച്ചു. എവിടേക്കെന്ന് വിവരം മുന്‍കൂട്ടി പറഞ്ഞിരുന്നില്ല. ബാഗ് പായ്ക്ക് ചെയ്ത് ബസ് മാര്‍ഗം അതിര്‍ത്തിയിലെത്തിയെങ്കിലും അതിര്‍ത്തി കടക്കാനായില്ല. തിരിച്ച് ഹോസ്റ്റലിലെത്തിച്ചു. നേരത്തെ വാങ്ങിവെച്ച ഫുഡും വെള്ളവും ഉണ്ട്. ഹോസ്റ്റലിന്റെ അണ്ടര്‍ ഗ്രൗണ്ടില്‍ എന്തുചെയ്യണമെന്നറിയാതെ അടുത്ത നിര്‍ദേശം കാത്തിരിക്കുകയാണിപ്പോള്‍.... '
യുക്രയ്‌നിലെ വിന്നിറ്റ്‌സിയ നാഷണല്‍ പൈറോഗോ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥി കാസര്‍കോട് ബോവിക്കാനം മുണ്ടക്കൈയിലെ മുഹമ്മദ് ആദില്‍ (19) സംസാരിക്കുമ്പോള്‍ ഭീതിയും ആശങ്കയും വാക്കുകളില്‍ നിഴലിക്കുന്നുണ്ടായിരുന്നു. കൂടുതല്‍ സംസാരിക്കാനുള്ള സാഹചര്യമില്ലെന്നും പറഞ്ഞാണ് ഫോണ്‍ കട്ട് ചെയ്തത്...... ഇക്കഴിഞ്ഞ ഡിസംബറിലാണ് ആദില്‍ ബന്ധുകൂടിയായ ചെങ്കളയിലെ റിനാഫുമൊന്നിച്ച് യുക്രയ്‌നിലേക്ക് വിമാനം കയറിയത്.
മാര്‍ച്ച് 13ന് മടക്കയാത്രയ്ക്ക് വിമാന ടിക്കറ്റെടുത്തതാണ്. നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് യുദ്ധം വഴിമുടക്കിയതെന്ന് പിതാവ് മാഹിന്‍ മുണ്ടക്കൈ പറയുന്നു. ആദിലിനെ പോലെ നൂറുകണക്കിന് മെഡിക്കല്‍ വിദ്യാര്‍ഥികളാണ് വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. എല്ലാവരും സുരക്ഷിതരെന്ന് പറയുമ്പോഴും ഓരോ നിമിഷങ്ങളിലെ വാര്‍ത്തകളില്‍ കാസര്‍കോടിനും നെഞ്ചിടിപ്പേറുകയാണ്.
Post a Comment
0 Comments