Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് ദേശീയ പതാക തലതിരിഞ്ഞ സംഭവം: നാട വലിക്കുമ്പോഴുണ്ടായ പിഴവാകാമെന്ന് വിലയിരുത്തല്‍, പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകില്ല


കാസര്‍കോട് (www.evisionnews.in): റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകില്ല. ഇതുവരെ നടന്ന അന്വേഷണത്തില്‍ എ.ആര്‍ കേമ്പിലെ ഗ്രേഡ് എസ്.ഐ നാരായണന്‍, സിവില്‍ പൊലീസ് ഓഫിസര്‍ ബിജുമോന്‍ എന്നിവര്‍ക്കെതിരെ വലിയ വീഴ്ച കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.

അതേസമയം, ഡിവൈ.എസ്.പി റാങ്കിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ വീഴ്ച ഉണ്ടായി എന്ന് തെളിഞ്ഞാല്‍ ഗുരുതര കുറ്റമായി കണക്കാക്കി സര്‍വീസില്‍ നിന്നും നീക്കം ചെയ്യുകയോ അനൂകൂല്യങ്ങള്‍ പിടിച്ചുവെക്കുകയോ ചെയ്യുന്ന കടുത്ത നടപടിയുണ്ടാകും.

ദേശീയ പതാക കെട്ടുന്നതില്‍ പരിചയ സമ്പന്നരാണ് ഇരുവരും. എന്നാല്‍ നാട വലിക്കുമ്പോള്‍ കൊടിമരത്തിന്റെ ക്ലിപ്പ് താഴ്ന്നതോ അല്ലെങ്കില്‍ നാട വലിക്കുമ്പോള്‍ ഉണ്ടായ പിഴവായിരിക്കാ പതാക തലതിരിയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. കാസര്‍കോട് കലക്റ്റര്‍ അവധിയിലായതിനാല്‍ ചുമതല എഡിഎം എം.കെ രമേന്ദ്രനായിരുന്നു. എന്നാല്‍ പൊലീസിന് പൂര്‍ണ ചുമതല നല്‍കിയാതായാണ് എഡിഎം അടക്കമുള്ളവരുടെ പ്രതികരണം. എഡിഎമ്മിന്റെ റിപ്പോര്‍ട്ടിലും പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാണിക്കുന്നു. തലതിരിഞ്ഞ പതാകയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്തതും വിവാദത്തിന് കാരണമായിരുന്നു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പതാക ഉയര്‍ത്തിയപ്പോള്‍ തന്നെ ദേശീയഗാനം തുടങ്ങിയിരുന്നു. ദേശീയഗാനം തുടങ്ങിയാല്‍ എഎസ്‌ഐ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ മുതല്‍ സല്യൂട്ട് ചെയ്യണം. അല്ലെങ്കില്‍ പ്രോട്ടോകോള്‍ ലംഘനമാകും. ഇതിനു ശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍ ദേശീയ പതാക തല തിരിഞ്ഞതായി ശ്രദ്ധയില്‍പെടുത്തിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad