കാസര്‍കോട് (www.evisionnews.in): കല്യാണ ദിവസം യുവാവിനെ കൊറഗ വേഷം ധരിപ്പിച്ച് വധുവിന്റെ വീട്ടിലേക്ക് ആനയിച്ച സംഭവത്തില്‍ വിവാദം കത്തുന്നതിനിടെ കേസെടുത്ത് വിട്‌ള പൊലീസ്. കുമ്പള പൊലീസ് പരിധിയില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന വിവാഹത്തിന് ശേഷം രാത്രി വധുവിന്റെ കര്‍ണാടകയിലെ വീട്ടിലേക്ക് മണവാളനെ കൊണ്ടുപോകുമ്പോഴാണ് തീര്‍ത്തും ആഭാസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്.
കര്‍ണാടകയിലെ വിട്ള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് വധുവിന്റെ വീട്. വരന്റെ വിവാഹ വസ്ത്രമാറ്റം കാസര്‍കോട്ടെ ഗോത്രവര്‍ഗമായ 'കൊറഗ' വേഷത്തിന് സമാനമായ വസ്ത്രവും അലങ്കാരപ്പണികളും നടത്തുകയും വരന് ചുറ്റുംകൂടി നൃത്തം വെക്കുകയും പാട്ടുപാടുകയും ചെയ്യുകയായിരുന്നു. വധുഗ്രഹത്തില്‍ എത്തിച്ച ശേഷം കരിമരുന്ന് പ്രയോഗം നടത്തുകയും വരന്റെ ദേഹത്ത് കളര്‍ വാരി വിതറുകയും ചെയ്തു. രംഗങ്ങള്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചതോടെ ആഭാസകരമായ ഈ പ്രവൃത്തിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
സംഭവത്തില്‍ വിട്ള പൊലീസ് വരനും സുഹൃത്തുക്കള്‍ക്കുമെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം കൊറഗവേഷം കെട്ടി വധുവിന്റെ വീട്ടിലേക്ക് വരന്‍ വന്നതിനെതിരെ വിട്ളയിലെ കൊറഗ വിഭാഗക്കാര്‍ക്കിടയിലും പ്രതിഷേധമുയര്‍ന്നു. തങ്ങളുടെ സമുദായത്തില്‍പെടാത്തവര്‍ ഇങ്ങനെയൊരു വേഷം കെട്ടിയതാണ് അവരുടെ എതിര്‍പ്പിന് കാരണം. വരനെ കൊറഗ വേഷംകെട്ടിച്ച് തങ്ങളുടെ സമുദായത്തെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് കൊറഗ, ദളിത് സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.
Post a Comment
0 Comments