കാസര്‍കോട് (www.evisionnews.in): കോവിഡ് മൂന്നാം തരംഗവും ഒമിക്രോണും പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് പോകുമ്പോള്‍ വ്യാപാരികളുടെ ഹൃദയമിടിപ്പേറുകയാണ്. കടകള്‍ അടച്ചിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് വ്യാപാരികള്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങളിലൂടെ കടന്നുപോയ പൊതുസമൂഹത്തില്‍ എല്ലാ ബുദ്ധിമുട്ടുകളും ഏറ്റുവാങ്ങിയ വിഭാഗമാണ് വ്യാപാരി സമൂഹം.
നിപാ, പ്രളയം തുടങ്ങി മിക്ക ദുരന്തങ്ങള്‍ക്ക് പിന്നാലെ കോവിഡും തുടര്‍ന്ന് അടച്ചിടലും നിയന്ത്രണങ്ങളും വന്നതോടെ മാസങ്ങളോളം കടകളും കച്ചവട സ്ഥാപനങ്ങളും അടച്ചിടേണ്ടി വന്നു. നിത്യജീവിതം പട്ടിണിയിലാവുകയും കടക്കെണിയിലാവുകയും ചെയ്തതോടെ ആത്മഹത്യയിലേക്ക് വരെ വ്യാപാരികള്‍ ചിന്തിച്ചു. കൂടുതല്‍ ബുദ്ധിമുട്ടുകളിലേക്ക് മനഃപൂര്‍വം തള്ളിവിടുന്ന പ്രവണതയാണ് കഴിഞ്ഞ കോവിഡ് കാലത്ത് പല സാഹചര്യത്തിലും ഉദ്യോഗസ്ഥരും ഭരണകൂടവും കാട്ടിയതെന്നാണ് വ്യാപാരികളുടെ ആരോപണം.
ഇത്തരത്തില്‍ എല്ലാ ബുദ്ധിമുട്ടുകളും തരണം ചെയ്ത് വീണ്ടും പഴയ രീതിയിലേക്ക് തിരിച്ചുനടക്കുന്ന സാഹചര്യത്തില്‍ ഒരു കടയടപ്പോ അല്ലെങ്കില്‍ അനാവശ്യ നിയന്ത്രണങ്ങളോ ചിന്തിക്കാന്‍ പോലും കഴിയാത്ത നിലയിലാണ് വ്യാപാരി സമൂഹം ഇന്ന് എത്തി നില്‍ക്കുന്നതെന്ന് വ്യാപാരി വ്യവസായി ഏകേപന സമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷരീഫ് പറഞ്ഞു. ഭീതിയും വ്യാപനവും പരിഗണിച്ച് കൃത്യമായ പഠനത്തിന് വിധേയമാക്കാതെ അനാവശ്യ ലോക്ക്ഡൗണ്‍ രീതികളോ അശാസ്ത്രീയ ഇടപെടലുകളിലേക്കോ നയിക്കുന്ന ഒരു തീരുമാനങ്ങളും സര്‍ക്കാരുകളുടെ ഭാഗത്തു നിന്നും ഉണ്ടാവരുതെന്നും അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, കലക്റ്റര്‍, പൊലീസ് ചീഫ് എന്നിവര്‍ക്ക് നിവേദനം നല്‍കി. നിലനില്‍പ്പിനായുള്ള ചെറുത്തുനില്‍പുമായി മുഴുവന്‍ വ്യാപാരികളും സഹകരിക്കണമെന്നും അഹമ്മദ് ഷരിഫ് വ്യാപാരികളോട് അഭ്യര്‍ഥിച്ചു.
Post a Comment
0 Comments