Type Here to Get Search Results !

Bottom Ad

എംഐസി വഖഫ് ഭൂമി: സര്‍ക്കാര്‍ വാക്ക് പാലിക്കണം: മുസ്ലിം യൂത്ത് ലീഗ്


കാസര്‍കോട് (www.evisionnews.in): ചട്ടഞ്ചാലിലെ ടാറ്റ കോവിഡ് ആശുപത്രി നിര്‍മിക്കാന്‍ പകരം സ്ഥലം നല്‍കാമെന്ന വ്യവസ്ഥയില്‍ വഖഫ് ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ ഒന്നരവര്‍ഷം പിന്നിട്ടും പകരം ഭൂമി നല്‍കാതെ വിശ്വാസ വഞ്ചന കാട്ടുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് എന്നിവര്‍ ആരോപിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുമായുണ്ടാക്കിയ കരാര്‍ പാലിക്കാതെ കബളിപ്പിക്കുകയാണ് ഇടതു സര്‍ക്കാര്‍. ടാറ്റയുടെ സഹായത്തോടെ കാസര്‍കോട്ട് നിര്‍മിച്ച കോവിഡ് ആശുപത്രിക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത 4.125 ഏക്കര്‍ വഖഫ് ഭൂമിക്ക് പകരം കരാര്‍ ചെയ്ത സ്ഥലം വിട്ടു നല്‍കാതെ വഞ്ചിച്ചിരിക്കുന്നു. കേരള സര്‍ക്കാര്‍ ടാറ്റാ ഗ്രൂപ്പിന്റെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് കോവിഡ് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കുന്നതിനാണ് 1958ലെ കേരള ലാന്റ് റിലിങ്കിഷ്മെന്റ് ആക്ട് പ്രകാരം വിട്ടു നല്‍കിയത്.

ടാറ്റ 60 കോടി രൂപ മുടക്കി സംസ്ഥാന സര്‍ക്കാറിന് കൈമാറിയ ആശുപത്രിക്കായി 4.125 ഏക്കര്‍ വഖഫ് ഭൂമിയാണ് ഏറ്റെടുത്തത്. ബോര്‍ഡില്‍ 10237/ആര്‍.എ നമ്പറായി രജിസ്റ്റര്‍ ചെയ്ത ജംഇയ്യത്തുല്‍ ഉലമ മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് അസോസിയേഷന്‍ വകയാണ് ഈ വഖഫ് ഭൂമി. ഇതിനു പകരമായി 1964ലെ കേരള ലാന്റ് അസൈന്‍മെന്റ് റൂള്‍സ് 24 പ്രകാരം 267/2 ബി, 1 ബി, 266/ 1, 276/1 എ, 277/1എ എന്നീ സര്‍വ്വെ നമ്പറുകളിലുളള വസ്തുക്കള്‍ വിട്ടു നല്‍കുമെന്നും കരാറുണ്ടാക്കി.

സയ്യിദ് ജിഫ്രി തങ്ങളുമായി 2020 ഏപ്രില്‍ 17ന് കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ.ഡി സജിത്ത് ബാബു ഐ.എ.എസ് ഉണ്ടാക്കിയ കരാര്‍ ഒന്നര വര്‍ഷമായിട്ടും പാലിച്ചിട്ടില്ല. ആശുപത്രി നിര്‍മ്മാണം പൂര്‍ത്തിയായി പ്രവര്‍ത്തനം തുടങ്ങിയിട്ടും പകരം വാഗ്ദാനം ചെയ്ത സ്ഥലം നല്‍കാത്തതിനാല്‍ ആശുപത്രി നില്‍ക്കുന്ന മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് അസോസിയേഷന്റെ സ്ഥലം തിരിച്ചു നല്‍കണമെന്ന് 2021 സെപ്തംബര്‍ ഏഴിന് കമ്മിറ്റി ജനറല്‍ സെക്രട്ടറി വഖഫ് ബോര്‍ഡിന് കത്തു നല്‍കുകയായിരുന്നു. 2020 ഒക്ടോബര്‍ 28നാണ് 128 യൂണിറ്റുകളിലായി 81000 സ്‌ക്വയര്‍ഫീറ്റില്‍ 551 കിടക്കകളുള്ള ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയത്. വഖഫ് സ്വത്തിന് പകരം ഭൂമി ഉടന്‍ കൈമാറിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധ സമരത്തിന് മുസ്ലിം യൂത്ത് ലീഗ് തയ്യാറാവുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad