Type Here to Get Search Results !

Bottom Ad

കേന്ദ്ര സര്‍വകലാശാല ബിരുദദാന ചടങ്ങിന് മണ്ഡലം എംപിക്കും എംഎല്‍എക്കും ക്ഷണമില്ല: ജനാധിപത്യ വിരുദ്ധമെന്ന്


കാസര്‍കോട് (www.evisionnews.in): കേരള കേന്ദ്ര സര്‍വകലാശാലയില്‍ ചൊവ്വാഴ്ച രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദദാന ചടങ്ങില്‍ മണ്ഡലം എംപിക്കും എംഎല്‍എക്കും ക്ഷണമില്ല. ചടങ്ങില്‍ പങ്കെടുക്കാന്‍ യാതൊരു ക്ഷണവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടി പ്രോട്ടോകോള്‍ വിരുദ്ധമെന്ന് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം എംപി രാജ്‌മോഹന്‍ ഉണ്ണിത്താനും പെരിയ ഉള്‍ക്കൊള്ളുന്ന ഉദുമ എംഎല്‍എ അഡ്വ. സിഎച്ച് കുഞ്ഞമ്പുവും ആരോപിച്ചു.

പ്രോട്ടോകോള്‍ പാലിക്കാതെ ബിജെപിക്കാരായ ജനപ്രതിനിധികളെ മാത്രം ഉള്‍ക്കൊള്ളിച്ച് സമ്പൂര്‍ണ്ണ കാവിവല്‍ക്കരിക്കപ്പെട്ട പരിപാടിയായി ഇത് മാറ്റിയിരിക്കുകയാണ് ബിരുദദാന ചടങ്ങ്. ഇത് പ്രതിഷേധാര്‍ഹമാണെന്നും തികച്ചും ജനാധിപത്യ വിരുദ്ധവുമാണെന്നും എംപി പ്രതികരിച്ചു. രാഷ്ട്രപതിയെക്കൂടി അപമാനിച്ചിരിക്കുകയാണ് സര്‍വകലാശാല അധികൃതര്‍. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ എത്രമാത്രം കാവി വല്‍ക്കരിച്ചിരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കേരള കേന്ദ്ര സര്‍വകലാശാലയുടെ അസാധാരണമായ ഈ നടപടിയിലൂടെ കാണുന്നത്. 

ജനാധിപത്യ രാജ്യത്ത് ജനാധിപത്യവിരുദ്ധവും സ്വജനപക്ഷപാതപരമായ വിചിത്ര നടപടികളിലൂടെ വര്‍ഗീയ ഫാസിസ്റ്റുകള്‍ മുന്നോട്ടു പോകുമ്പോള്‍ ശക്തമായ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉണ്ടാവുക തന്നെ ചെയ്യുമെന്നും എംപി പ്രതികരിച്ചു. സര്‍വകലാശാല അധികാരികളുടെ കൃത്യവിലോപം ചൂണ്ടിക്കാട്ടി ഉദുമ മണ്ഡലം എംഎല്‍എ സിഎച്ച് കുഞ്ഞമ്പു സര്‍വകലാശാല വിസിക്ക് കത്തയച്ചു. കുറെകാലമായി അവലംബിക്കുന്ന മോശം സമീപനങ്ങളുടെ തുടര്‍ച്ചയാണിതെന്ന് എംഎല്‍എ പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് 3.30നാണ് കേരള കേന്ദ്ര സര്‍വകലാശാലയുടെ അഞ്ചാമത് ബിരുദദാന ചടങ്ങ്. പെരിയ കാമ്പസില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടക്കുന്ന പരിപാടിയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുഖ്യാതിഥിയാകും. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സംസ്ഥാന തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദന്‍ സംബന്ധിക്കും. വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു അധ്യക്ഷത വഹിക്കും. രജിസ്ട്രാര്‍ ഡോ. എന്‍. സന്തോഷ് കുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ.എം. മുരളീധരന്‍ നമ്പ്യാര്‍, സര്‍വകലാശാലയുടെ കോര്‍ട്ട് അംഗങ്ങള്‍, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, ഫിനാന്‍്സ് കമ്മറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ഡീനുമാര്‍, വകുപ്പുമേധാവികള്‍, അധ്യാപകര്‍, ജീവനക്കാര്‍ സന്നിഹിതരാകും. ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ പൊലീസ് ഒരുക്കിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad