Type Here to Get Search Results !

Bottom Ad

മംഗളൂരുവില്‍ കോളജ് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി: മലയാളികളടക്കം നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്


മംഗളൂരു (www.evisionnews.in): മംഗളൂരുനഗരത്തിലെ ഒരു ഡിഗ്രി കോളജിലെ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. നഗരത്തിലെ ഗുജ്ജരകരെ പ്രദേശത്ത് വ്യാഴാഴ്ച രാത്രിയാണ് സംഭവം. സംഘട്ടനത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ എസ്ഐയുടെ നേതൃത്വത്തിലുള്ള അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെയും അക്രമിച്ചു.

നഗരത്തിലെ കോളജിലെ മൂന്നാം വര്‍ഷ ബിഎസ്സി വിദ്യാര്‍ഥിയായ ആദര്‍ശ് പ്രേംകുമാറിനെ (21) ഒരു സംഘം വിദ്യാര്‍ഥികള്‍ മര്‍ദിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. കൊല്ലം സ്വദേശിയായ ആദര്‍ശ് നഗരത്തിലെ ലൈറ്റ് ഹൗസ് ഹില്‍ റോഡിലുള്ള അപ്പാര്‍ട്ട്മെന്റിലാണ് താമസം. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ സുഹൃത്ത് അഭിരാമിയോട് സംസാരിച്ചുനില്‍ക്കുകയായിരുന്ന ആദര്‍ശിനെ അതേ കോളേജില്‍ പഠിക്കുന്ന സിനാനും മറ്റ് എട്ട് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഇന്റര്‍ലോക്കും കല്ലും ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. ആദര്‍ശിന്റെ ഇടത് കൈയെല്ല് പൊട്ടി. ആദര്‍ശിനെ അക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച സുഹൃത്ത് മുഹമ്മദ് നാസിഫിനെ സംഘം മര്‍ദിക്കുകയും ഷെനിന്‍ ശ്രാവണ്‍ തുടങ്ങിയ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈകേസിലെ പ്രതികളും വിദ്യാര്‍ഥികളുമായ ആദിത്യ, കെന്‍ ജോണ്‍സണ്‍, മുഹമ്മദ്, അബ്ദുല്‍ ഷാഹിദ്, വിമല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കേസിലെ മറ്റു രണ്ട് പ്രതികള്‍ ഒളിവിലാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ രാത്രി 10 മണിയോടെ ഗുജ്ജരകരെയിലെ കോളജിലെ ഹോസ്റ്റലിലെത്തിയ സബ് ഇന്‍സ്‌പെക്ടര്‍ ശീതളിനെയും പൊലീസ് ഉദ്യോഗസ്ഥരെയും ഹോസ്റ്റലിലുണ്ടായിരുന്ന ഒരു സംഘം വിദ്യാര്‍ഥികള്‍ ഇന്റര്‍ലോക്കും കല്ലും കസേരയും ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ആദര്‍ശിനും സുഹൃത്തുക്കള്‍ക്കുമെതിരെ അബ്ദുല്‍ സിനാന്‍ നല്‍കിയ പരാതിയിലും പൊലീസ് കേസെടുത്തു. സംഭവത്തില്‍ ഫഹദ്, അബു താഹര്‍, മുഹമ്മദ് നാസിഫ്, ആദര്‍ശ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇസ്മായില്‍, ഇസ്മായില്‍ അന്‍വര്‍, ജാദ്അല്‍ ഗഫൂര്‍, തമാം, സിനാന്‍ എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. കൂടുതല്‍ അന്വേഷണം നടക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad