Type Here to Get Search Results !

Bottom Ad

സമ്പര്‍ക്ക പട്ടികയിലെ മുഴുവന്‍ ആളുകളെയും കണ്ടെത്തി പരിശോധക്ക് വിധേയമാക്കും


കാസര്‍കോട് (www.evisionnews.co): കോവിഡ് ബാധിച്ചയാളുടെ സമ്പര്‍ക്കത്തില്‍പ്പെട്ട മുഴുവന്‍ ആളുകളെയും കണ്ടെത്തേണ്ടതാണെന്നന്ന് ജില്ലയുടെ കോവിഡ് നിയന്ത്രണത്തിന് അനിവാര്യമാണെന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ ഓഫീസര്‍ സൗരഭ് ജെയിന്‍ വിലയിരുത്തി. ജില്ലാ കളക്ടര്‍, ആരോഗ്യം, പഞ്ചായത്ത്, പോലീസ്, റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കോവിഡ് രോഗ സ്ഥിരീകരണ നിരക്ക് കുറക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പങ്കുവെച്ചത്.

ടിപിആര്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക് അയവ് വരുമ്പോള്‍ ജനങ്ങള്‍ കൂടുതലായി പുറത്തിറങ്ങുന്ന സാഹചര്യമുണ്ടാകും. അതിനാല്‍ ഒരാളില്‍ രോഗം സ്ഥിരീകരിച്ചാല്‍ അവരുമായി സമ്പര്‍ക്കമുണ്ടായ മുഴുവന്‍ പേരെയും കണ്ടെത്തിയാല്‍ മാത്രമേ നിയന്ത്രണം സാധ്യമാകൂ. ഇതിനായി വാര്‍ഡ് തല ആര്‍.ആര്‍.ടികളില്‍ പ്രദേശത്തെ അംഗണ്‍വാടി വര്‍ക്കര്‍മാരെക്കൂടി ഉള്‍പ്പെടുത്തി അധ്യാപകര്‍ക്കൊപ്പം ഇവരുടെ സേവനവും സമ്പര്‍ക്ക പട്ടികയുടെ പരിശോധനക്ക് ഉപയോഗിക്കാമെന്നും നിര്‍ദേശം ഉയര്‍ന്നു.

കോവിഡ് പ്രതിരോധം ഉറപ്പാക്കാന്‍ വാക്സിനേഷനും പരമാവധി ആളുകളിലേക്ക് എത്തിക്കണം. ഇനി മുതല്‍ 50 ശതമാനം ആളുകള്‍ക്ക് സ്പോട്ട് രജിസ്ട്രേഷനിലൂടെയും 50ശതമാനം പേര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴിയും വാക്സിന്‍ വിതരണം ചെയ്യും. രജിസ്ട്രേഷന്‍ നടത്തിക്കഴിഞ്ഞാല്‍ അതാത് പഞ്ചായത്തുകളിലെ വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തി വാക്സിന്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം.

കോവിഡ് ബാധിച്ചയാളുടെ പ്രാഥമിക സമ്പര്‍ക്കത്തില്‍പ്പെട്ട മുഴുവന്‍ പേരെയും പരിശോധനക്ക് വിധേയരാക്കിയാല്‍ മാത്രമേ കോവിഡ് വ്യാപന നിരക്ക് നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയൂ. നിലവില്‍ ഒരാളില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ പരമാവധി മൂന്ന് പേരെയാണ് കണ്ടെത്തുന്നത്. എന്നാല്‍ വ്യാപ്തി ഇതിലും വലുതെന്നിരിക്കെ സമ്പര്‍ക്കത്തില്‍ രോഗം പിടിപെടുന്നവരെ കണ്ടെത്താന്‍ പരിശോധന ഉറപ്പാക്കണം. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ജില്ലയിലെ നിലവിലെ കോവിഡ് സാഹചര്യം വിശദീകരിച്ചു. വരും ദിവസങ്ങളില്‍ പ്രാദേശിക തലത്തില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കളക്ടര്‍ പറഞ്ഞു.

വീടുകളില്‍ നിന്നും കോവിഡ് പടരുന്ന സാഹചര്യത്തില്‍ ഡൊമിസിലറി കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും നിര്‍ദേശമുണ്ട്. ഇവിടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം കൂടി ഉറപ്പു വരുത്തണമെന്ന നിര്‍ദ്ദേശവും യോഗത്തില്‍ ഉയര്‍ന്നു. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ ഐ.സി.യു കിടക്കകളും ഓക്സിജന്‍ ലഭ്യതയും ഉറപ്പാക്കുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ഡോ.കെ.ആര്‍.രാജന്‍ അറിയിച്ചു. പുതിയ മാര്‍ഗ നിര്‍ദേശം നിലവില്‍ വന്നതിനാല്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ ക്വാറന്റീന്‍ ലംഘനമുള്‍പ്പെടെ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് എ.എസ്.പി ഹരിശ്ചന്ദ്ര നായക്ക് അറിയിച്ചു. കടകള്‍ മുഴുവനായും തുറക്കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നുറപ്പാക്കണമെന്ന് സ്പെഷ്യല്‍ ഓഫീസര്‍ നിര്‍ദേശിച്ചു.

എ.ഡി.എം. എ.കെ.രമേന്ദ്രന്‍, സബ് കളക്ടര്‍ ഡി.ആര്‍.മേഖശ്രീ, ആര്‍.ഡി.ഒ അതുല്‍ എസ്.നാഥ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ ജെയ്സണ്‍ മാത്യു, സര്‍വേലന്‍സ് ഓഫീസര്‍ എ.ടി.മനോജ്കുമാര്‍, കോവിഡ് പരിശോധനാ നോഡല്‍ ഓഫീസര്‍ ഡോ.പ്രസാദ്, വാക്സിനേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ.മുരളീധര നല്ലൂരായ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad