കാസര്‍കോട് (www.evisionnews.co): ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ക്ക് നൂറുകണക്കിന്് അപേക്ഷ കുന്നുകൂടുമ്പോഴും ആരു നല്‍കുമെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ അധികൃതര്‍. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവില്‍ ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാമെന്ന് പറഞ്ഞുകൊണ്ടാണ് അപേക്ഷ ക്ഷണിച്ചത്. ഇതനുസരിച്ച് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കുകയും ചെയ്തു.
എന്നാല്‍ ഇതുവരെയും പഠനോപകരണങ്ങള്‍ ആരു നല്‍കുമെന്നതില്‍ അധികാരികള്‍ക്ക് ഉത്തരമില്ലെന്ന് എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ എന്നിവര്‍ പറയുന്നു. ഇക്കാര്യമന്വേഷിക്കാന്‍ ഡിഡി ഓഫിസിലെത്തിയപ്പോള്‍ ജില്ലാ ഭാരവാഹികളോട് ധിക്കാരപരമായ മറുപടിയാണ് ഡിഡിഇ നല്‍കിയതെന്നും നേതാക്കള്‍ പറഞ്ഞു.
സ്‌കൂള്‍തല സമിതികളും ഗ്രാമപഞ്ചായത്തുകളും ഉപകരണങ്ങള്‍ നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും കഴിയുംവിധത്തില്‍ ഇതിനകം തന്നെ നല്‍കി കഴിഞ്ഞെന്നും ഇനിയും നല്‍കാനാവില്ലെന്നുമാണ് അവര്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഇതുവരെയും വ്യക്തമായ വിവരം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവുന്നില്ല. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാതെ ഡിഡിഇ ഒഴിഞ്ഞുമാറുകയാണ്.
അപേക്ഷകള്‍ നല്‍കിയിരിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് അധികാരികള്‍ ധിക്കാരപരമായ നിലപാട് സ്വീകരിക്കുന്നത്. വിഷയത്തില്‍ അടിയന്തിരമായി പരിഹാരം കണ്ടില്ലെങ്കില്‍ വരുംദിവസങ്ങളില്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു.
Post a Comment
0 Comments