കാസര്‍കോട് (www.evisionnews.co): കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക റൂട്‌സില്‍ എഴുത്തു പരീക്ഷയും റാങ്ക് ലിസ്റ്റും തയാറാക്കിയിട്ടും ഒരാളെ പോലും നിയമിക്കാതെ റാങ്ക് ലിസ്റ്റ് റദ്ദാക്കിയെന്ന പരാതിയില്‍ ഉദ്യോഗാര്‍ഥിക്ക് 2,500 രൂപ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. അറ്റന്‍ഡര്‍ തസ്തികയിലേക്കും ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്കും 2017 ഒക്ടോബര്‍ എട്ടിന് കോഴിക്കോട്ട് നടന്ന എഴുത്തുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച് റാങ്ക് ലിസ്റ്റ് നോര്‍ക്ക റൂട്ടിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും നിയമനം നടത്താതെ റദ്ദാക്കിയെന്ന് കാണിച്ച് ഉദ്യോഗാര്‍ത്ഥിയായ ബദിയടുക്ക പെര്‍ഡാല ചെടേക്കാല്‍ വീട്ടില്‍ സിഎച്ച് മുഹമ്മദ് കുഞ്ഞി നല്‍കിയ പരാതിയിലാണ് നടപടി.
നോര്‍ക്ക റൂട്ട്‌സിന് വേണ്ടി 27 തസ്തികകളിലേക്കാണ് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് മുഖേന മത്സര പരീക്ഷ നടത്താന്‍ തീരുമാനിച്ചത്. അപേക്ഷകളില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവര്‍ക്കായി 2017 സെപ്തംബര്‍/ ഒക്ടോബര്‍ മാസങ്ങളില്‍ എഴുത്തുപരീക്ഷ നടത്തി. തുടര്‍ന്ന് ഓരോ തസ്തികക്കും തയാറാക്കിയ പൊസിഷന്‍ ലിസ്റ്റ് നോര്‍ക റൂട്‌സിന്റെ വെബ് സൈറ്റില്‍ 2017 ഡിസംബര്‍ മാസം പ്രസിദ്ധികരിക്കുകയും ചെയ്തിരുന്നുവെന്ന് നോര്‍ക്ക റൂട്ട് സിഇഒ കമ്മീഷന്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നോര്‍ക്ക റൂട്ടിന്റ 52മത് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് നിയമനം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ നിയമനം സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നതിനാല്‍ 2020 ജനുവരി 16നാണ് റാങ്ക് ലിസ്റ്റ് റദ്ദാക്കിയത്. പരീക്ഷ എഴുതാന്‍ രണ്ട് ദിവസങ്ങളിലായി കാസര്‍കോട്ട് നിന്നും കോഴിക്കോട് പോയതില്‍ വലിയൊരു തുക നഷ്ടവും സമയ നഷ്ടവും ഉണ്ടായിട്ടുണ്ടെന്ന് പരാതിക്കാരന്‍ പറയുന്നു. നിയമനം ആവശ്യപ്പെട്ടുള്ള ഉദ്യോഗാര്‍ഥിയുടെ പരാതി പരിഹാക്കാന്‍ കഴിയില്ലെങ്കിലും പരാതിക്കാന് യാത്രാ ചെലവിനത്തില്‍ 2500 രൂപ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കി നല്‍കണമെന്നാണ് നോര്‍ക്ക റൂട്ട്‌സ് സിഇഒയോട് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Post a Comment
0 Comments