കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരസഭാ തെരുവ് കച്ചവട സമിതിയിലേക്ക് ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സ്ഥാനങ്ങളിലും എസ്ടിയു സ്ഥാനാര്‍ഥികള്‍ ബഹുഭൂരിപക്ഷത്തോടെ വിജയിച്ചു. കേന്ദ്ര തെരുവ് കച്ചവട നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് നഗരസഭാ പരിധിയിലെ അംഗീകൃത തെരുവ് കച്ചവടക്കാരില്‍ നിന്നാണ് അഞ്ച് അംഗ സമിതിയെ തിരഞ്ഞെടുത്തത്. മൈനോറിറ്റി വിഭാഗത്തില്‍ നിന്നും എസ്.ടി.യു പ്രതിനിധി യു.അബ്ദുള്‍ ഖാദര്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.നാല് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ 87 ശതമാനം വോട്ടുകള്‍ നേടി നാല് എസ്.ടി.യു സ്ഥാനാര്‍ത്ഥികളും വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുകയായിരുന്നു.സ്ട്രീറ്റ് വെണ്ടേഴ്‌സ് യൂണിയന്‍ ( എസ്.ടി.യു) സംസ്ഥാന ട്രഷറര്‍ മുഹമ്മദ് ബേഡകം, ജില്ലാ സെക്രട്ടറി റഫീഖ്, സി.എം.അബൂബക്കര്‍ ,ജി.ഹരിചന്ദ്ര എന്നിവരാണ് വെള്ളിയാഴ്ച്ച നഗരസഭ വനിതാ ഭവന്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
നഗരപ്രദേശത്തെ തെരുവ് കച്ചവടക്കാരെയും തൊഴിലാളികളെയും ചേര്‍ത്ത് നിര്‍ത്തുകയും കോവിഡ് മഹാമാരിക്കിടയിലും തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായ സഹകരങ്ങള്‍ നല്‍കുകയും ചെയ്ത എസ്.ടി.യുവിനുള്ള അംഗീകാരമാണ് ഈ വിജയമെന്ന് യൂണിയന്‍ ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ പറഞ്ഞു വിജയികളെ എസ്.ടി.യു ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.
Post a Comment
0 Comments