കാസര്‍കോട് (www.evisionnews.co): ചെങ്കള ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് ദിവസം സിപിഎം നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുസ്ലിം ലീഗ് നേതാക്കളെ വെറുതെവിട്ടു. പ്രോസിക്യൂഷന്‍ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് അസിസ്റ്റന്റ് ജില്ലാ കോടതി ജഡ്ജ് എംടി ജലജരാണി മുഴുവന്‍ പേരെയും വെറുതെവിട്ടത്.
2016 മാര്‍ച്ച് അഞ്ചിന് വൈകിട്ട് നാലരമണിക്ക് ചെര്‍ക്കള സിഎച്ച് ബില്‍ഡിംഗിന് മുന്‍വശത്ത് സിപിഎം ജില്ലാ നേതാവായ ടിഎംഎ കരീമിനെ വധിക്കാന്‍ ശ്രമിച്ചതും കൂടെയുണ്ടായിരുന്ന സിപിഎം ഏരിയ കമ്മറ്റി മെമ്പര്‍മാരായ നാരായണനെയും കെ രവീന്ദ്രനെയും അടിച്ച് പരിക്കേല്‍പ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വിധി വന്നത്. ചെര്‍ക്കളയിലെ മുസ്ലിം ലീഗ് നേതാക്കളായ യൂത്ത് ചെര്‍ക്കള ടൗണ്‍ ജനറല്‍ സെക്രട്ടറി ഫൈസല്‍ പൈച്ചു ചെര്‍ക്കള, ഹാഷിം, ബഷീര്‍ എന്ന ബച്ചി, ശരീഫ് എന്ന മാര്‍ക്കറ്റ് ശരീഫ്, സലാഹുദ്ദീന്‍, മുഹമ്മദ്, ജാഫര്‍ ബിഎ എന്നിവരെയാണ് കുറ്റവിമുക്തരാക്കി കോടതി വെറുതെ വിട്ടത്.
പ്രതികള്‍ക്ക് വേണ്ടി കാസര്‍കോട്ടെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ അഡ്വ പിഎ ഫൈസലിന്റെ പിഎഎഫ് അസോസിയേറ്റ് അഭിഭാഷക സംഘമാണ് ഹാജരായത്. അഡ്വ പിഎ ഫൈസലിന്റെ കൂടെ അഡ്വ. ഫാത്തിമത്ത് സുഹറ, അഡ്വ. ജാബിര്‍ അലി, ഓഫീസ് അസിസ്റ്റന്റുമരായ ഇര്‍ഫാന്‍ നെല്ലിക്കട്ട, ബൈജു പായിച്ചാല്‍ എന്നിവരും ഉണ്ടായിരുന്നു. വിദ്യാനഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണിത്.
Post a Comment
0 Comments