കാസര്‍കോട് (www.evisionnews.co): സഹായ വാഗ്ദാനങ്ങള്‍ പാഴ്‌വാക്കായതോടെ പാമ്പു കടിയേറ്റ് മരിച്ച രണ്ടര വയസുകാരന്റെ കുടുംബം വീണ്ടുമൊരു ദുരന്തം കാത്ത് പകച്ചുകഴിയുന്നു. എന്‍മകജെ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ഐഎച്ച്ഡിപി കോളനിയില്‍ അമ്മയോടൊപ്പം വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ് മരിച്ച രണ്ടര വയസുകാരനായ ദീപകിന്റെ വാര്‍ത്ത കേരളമനസാക്ഷി ഞെട്ടലോടെയാണ് കേട്ടത്. കഴിഞ്ഞ സെപ്തംബര്‍ 14നാണ് സംഭവം. തുടര്‍ന്ന് നിരവധി സഹായ വാഗ്ദാനങ്ങള്‍ കുടുംബത്തിന് ലഭിച്ചെങ്കിലും സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇവയൊന്നും പൂര്‍ണമായും നടപ്പിലാക്കിയില്ലെന്ന് ചൈല്‍ഡ് പ്രൊട്ടക്ട് ടീം കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.
സംഭവം നടന്ന ഉടനെ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം മറ്റു സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കുടുംബത്തിന്റെ വീട് താത്കാലികമായി അടച്ചുറപ്പുള്ളതാക്കിയിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ജനുവരിയോടെ ഇവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുമെന്ന് പഞ്ചായത്ത് അറിയിച്ചിരുന്നെങ്കിലും നാളിതുവരെ അതിനുള്ള ശ്രമങ്ങള്‍ പഞ്ചായത്ത് ആരംഭിച്ചിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. വനംവകുപ്പില്‍ നിന്നും സഹായമായി ലഭിച്ച ഒരു ലക്ഷം രൂപ കൊണ്ട് വീടിന്റെ ജോലി ആരംഭിക്കാനും ശേഷമുള്ളത് പഞ്ചായത്ത് വേഗത്തില്‍ പൂര്‍ത്തീകരിക്കാമെന്നും പഞ്ചായത്ത് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ഇതേതുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ബാലാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ ഈ കുടുംബത്തിന് ഉടന്‍ പുതിയൊരു വീട് വച്ച് നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. ഉത്തരവ് വന്നിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും യാതൊരുവിധ നടപടികളും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. മരണപ്പെട്ട കുട്ടിയുടെ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ ഭയപ്പാടോടെയാണ് ഇപ്പോഴും ആ വീട്ടില്‍ കഴിയുന്നതെന്നും ഇനിയും ഒരു ദുരന്തം ആവര്‍ത്തിക്കുന്നതിന് മുമ്പ് സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്നാണ് ആവശ്യം.
Post a Comment
0 Comments