ചിത്താരി (www.evisionnews.co): നോര്‍ത്ത് ചിത്താരിയില്‍ കളിക്കുമ്പോള്‍ കിണറിലേക്ക് വീണ കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തിയ ടി.വി. ഇസ്മായില്‍ നാടിന്നഭിമാനമായി. നോര്‍ത്ത് ചിത്താരി എ.കെ.ടി.മൂസയുടെയും ടി.വി.സൗദ യുടെയും മകനായ മുനവ്വിര്‍ വീടിന് സമീപമുള്ള കിണറിലേക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു. അഞ്ചു വയസ്സുള്ള കുട്ടി വീഴുന്നത് കണ്ട മാതാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മാവനായ ഇസ്മായില്‍ പിന്നെ ഒന്നും ആലോചിക്കാതെ മുപ്പത് അടി താഴ്ചയുള്ള കിണറിലേക്ക് എടുത്ത് ചാടുകയായിരുന്നു.
കിണറില്‍ മുങ്ങിത്താഴാന്‍ പോകുന്ന കുട്ടിയെ കയറില്‍ പിടിച്ചു അതിസാഹസികമായി മുകളിലേക്ക് എത്തിച്ച ഇസ്മായില്‍ വലിയൊരു അപകടത്തില്‍ നിന്നാണ് കുട്ടിക്ക് രക്ഷകനായി എത്തിയത്. ഇസ്മായിലിനെ അജാനൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ആദരിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സലിം ബാരിക്കാട് സ്‌നേഹോപഹാരം സമ്മാനിച്ചു. ചടങ്ങില്‍ സിഎച്ച് ഹുസൈന്‍, ബഷീര്‍ ചിത്താരി, ഫൈസല്‍ ചിത്താരി സംബന്ധിച്ചു.

Post a Comment
0 Comments