കാസര്‍കോട് (www.evisionnews.co): കസബ നെല്ലിക്കുന്ന് തീരദേശ പ്രദേശങ്ങളില്‍ കോവിഡ് രോഗ വ്യാപനം രൂക്ഷമാകുന്നു. ആകെ 268 പേരെ പരിശോധനക്ക് വിധേയമാക്കിയതില്‍ 106 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), കാസര്‍കോട് ജനറല്‍ ആസ്പത്രി എന്നിവിടങ്ങളില്‍ നിന്നും പ്രേത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ച് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ഡിഎംഒ ഡോ. എവി രാംദാസ് അറിയിച്ചു.
കേസുകള്‍ വര്‍ധിച്ചതോടെ ഈ പ്രദേശം പ്രത്യേക ക്ലസ്റ്ററായി രൂപപ്പെടുകയും കോവിഡിന്റെ വ്യാപനത്തോത് കണ്ടെത്തുന്നതിനായി പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുകയുണ്ടായി. പ്രദേശത്തിനകത്തേയ്ക്കും പുറത്തേക്കുമുള്ള യാത്ര പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. പ്രദേശത്തെ ഫിഷറീസ് സ്‌കൂളില്‍ പ്രത്യേക പരിശോധന കേന്ദ്രം തുറന്നു. കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെയും രോഗ ലക്ഷണങ്ങളുള്ളവരുടെയും പ്രത്യേകം ലിസ്റ്റുകള്‍ തയാറാക്കി പരിശോധന നടത്തുന്നതിന്നോടൊപ്പം കേന്ദ്രത്തില്‍ സജ്ജീകരിച്ച മെഡിക്കല്‍ ക്യാമ്പിലൂടെ പ്രാഥമിക ചികിത്സ ലഭ്യമാക്കിവരികയും ചെയ്യുന്നു.
നെല്ലിക്കുന്ന് കസബ കടപ്പുറത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്താനുമായി എന്‍എ നെല്ലിക്കുന്ന് എംഎല്‍എ വിളിച്ചുചേര്‍ത്തു. രാഷ്ട്രീയ പ്രതിനിധികളും ആരോഗ്യവകുപ്പ്- പൊലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചതോടെ നെല്ലിക്കുന്ന് കടപ്പുറത്തെ മത്സ്യത്തൊഴിലാളികള്‍ തീര്‍ത്തും ദുരിതത്തിലായിരിക്കുകയാണ്. തൊഴിലിനും അവശ്യ സാധനങ്ങള്‍ക്കുമായി പുറത്തുപോകാനാവാത്ത സ്ഥിതിയാണിപ്പോള്‍. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രോഗബാധിതരുടെ കുടുംബത്തിന് ഭക്ഷണകിറ്റ് വിതരണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ പ്രദേശത്തെ എല്ലാവര്‍ക്കും ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്യണമെന്നാണ് ആവശ്യം. രണ്ടായിരത്തോളം കിറ്റുകള്‍ വിതരണം ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായി എംഎല്‍എ പറഞ്ഞു.

Post a Comment
0 Comments