കാസര്‍കോട് (www.evisionnews.co): ഇരുപത് മാസമായി ശമ്പളമോ മറ്റാനുകൂല്യമോ കിട്ടാത്ത ഭെല്‍ ജീവനക്കാര്‍ക്ക് ഓണത്തിനു മുമ്പായി ശമ്പളം നല്‍കണമെന്ന് എന്‍എ നെല്ലിക്കുന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. ജില്ലയിലെ ഏകപൊതുമേഖല വ്യാവസായ സ്ഥാപനമായ ഭെല്‍ ഇഎംഎല്‍ കമ്പനി എന്നു നിലയ്ക്കുമെന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. കേന്ദ്രം കൈയ്യൊഴിയാന്‍ തീരുമാനിച്ച ഈ കമ്പനിയുടെ 51 ശതമാനം ഓഹരികള്‍ കൂടി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാനും രണ്ടാഴ്ചക്കകം നടപടികള്‍ പൂര്‍ത്തിയാക്കാനും 2017 ജൂണ്‍ 12ന് അങ്ങയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു.
എന്നാല്‍ 2019 സെപ്തംബര്‍ അഞ്ചിനു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഏറ്റെടുക്കാനുള്ള അനുമതി നല്‍കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് 2019 സെപ്തംബര്‍ 7നു പുറപ്പെടുവിച്ചു. അഗ്രീമെന്റ് ഫോര്‍ സെയില്‍ ഭെല്ലുമായി ഒപ്പിടുന്നതിനുള്ള അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നാണ് 01-07-2020ലെ ഉത്തരവില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കിയത്.
കമ്പനി അനാഥമായതോടെ ഇരുപത് മാസത്തിലേറെയായി ശമ്പളം കിട്ടാതെ ദുരിതത്തിലായിരിക്കുകയാണ് ജീവനക്കാര്‍. മുപ്പത് വര്‍ഷത്തിലേറെ സര്‍വീസുള്ള ജീവനക്കാര്‍ക്കു ഇപ്പോഴും 15 വര്‍ഷം മുമ്പ് നിശ്ചയിച്ച ശമ്പളമാണ്. പരിമിതമായ ആ ശമ്പളം പോലും രണ്ടുവര്‍ഷത്തോളമായി ലഭിക്കുന്നില്ല. രണ്ടു വര്‍ഷത്തിലധികമായി പിഎഫ് വിഹിതം അടക്കാത്തതിനാല്‍ വിരമിക്കുന്ന ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പോലും ലഭിക്കുന്നില്ല. ഓണം പടിവാതിക്കലെത്തിയിരിക്കുന്നു. ഓണം നാളിലും പട്ടിണി കിടക്കേണ്ട ദുരവസ്ഥയാണ് ഭെല്‍- ഇഎംഎല്‍ തൊഴിലാളികള്‍ക്കുള്ളത്. ഏറ്റെടുക്കല്‍ നടപടിയുടെ ഭാഗമായി അഗ്രീമെന്റ് ഫോര്‍ സെയില്‍ ഭെല്ലുമായി ഒപ്പിടുന്നതിനുള്ള അന്തിമ തീരുമാനം പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എന്‍എ നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.
Post a Comment
0 Comments