Type Here to Get Search Results !

Bottom Ad

പലരും ജോലിചെയ്യുന്നത് തുടക്കശമ്പളത്തില്‍: ആനുകൂല്യവും വേതന വര്‍ധനവുമില്ലാതെ സിബിനാറ്റ് ലാബ് ജീവനക്കാര്‍


കാസര്‍കോട് (www.evisionnews.co): ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ എന്‍ടിഇപി എന്റ് ടിബി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ വര്‍ഷങ്ങളായി വേതനവര്‍ധനവും ആനുകൂല്യങ്ങളുമില്ലാതെ സര്‍ക്കാറിന്റെ കനിവിനായി കാത്തിരിക്കുന്നു. ഏഴും അതിലധികവും വര്‍ഷത്തോളമായി തുടക്കശമ്പളത്തിലാണ് വിവിധ ടിബി ലാബ് സെന്ററുകളിലും സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും ടെക്‌നീഷ്യന്മാര്‍ ജോലിചെയ്യുന്നത്.

എന്‍.എച്ച്.എം, എച്ച്.എം.സി ഉള്‍പ്പടെയുള്ള എല്ലാവിഭാഗം കരാര്‍ ലാബ് ജീവനക്കാര്‍ക്കും ഇതിനകം വിവിധ തവണകളായി വേതനവും ആനുകൂല്യവും വര്‍ധിപ്പിച്ചെങ്കിലും സിബിനാറ്റ് ലാബ് ടെക്‌നീഷ്യന്മാരുടെ വേതനവര്‍ധനവിനോട് മുഖംതിരിക്കുകയാണ് സര്‍ക്കാര്‍. എന്‍.എച്ച്.എം സൈറ്റിലെ ടെക്‌നീഷ്യന്മാര്‍ക്ക്് ഇരുപതിനായിരത്തിനും മുകളിലാണ് വേതനം. കോവിഡ് പശ്ചാത്തലത്തില്‍ റിസ്‌ക് അലവന്‍സും മറ്റു ആനുകൂല്യങ്ങളും വേറെയും. എന്നാല്‍ ഇതേ കാറ്റഗറിയില്‍ സമാനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിബിനാറ്റ് വിഭാഗക്കാര്‍ക്ക് 12000 രൂപയാണ് പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് പോലും മാസശമ്പളം.

സംസ്ഥാനത്ത് തന്നെ 19 പേരാണ് കരാര്‍ അടിസ്ഥാനത്തില്‍ സിബിനാറ്റ് ലാബ് ടെക്‌നീഷ്യന്മാരായിട്ടുള്ളത്. മൂന്നും അതിലധികവും വര്‍ഷത്തോളമായി ജോലിചെയ്യുന്നവരും പിഎഫ്, ഇഎസ്‌ഐ ആനുകൂല്യങ്ങളൊന്നുമില്ലാതെ അടിസ്ഥാന വേതനത്തില്‍ തന്നെയാണ് ഇന്നും തുടരുന്നത്. ആരോഗ്യ വകുപ്പില്‍ തന്നെ 15,000 രൂപയില്‍ ജോലി ചെയ്യുന്ന കരാര്‍ ജീവനക്കാര്‍ക്കും പിഎഫ്, ഇഎസ്‌ഐ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. 

കോവിഡ് ടെസ്റ്റിലടക്കം രാവും പകലുമായി ജോലി ചെയ്യുന്ന സിബിനാറ്റ് ലാബ് ടെക്‌നീഷ്യന്മാര്‍ വേതന വര്‍ധനവെന്ന ആവശ്യവുമായി പലതവണ ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും വാഗ്ദാനങ്ങളെല്ലാം ജലരേഖയായി മാറി. നേരത്തെ ജില്ലാ ടിബി ഓഫീസര്‍ മുഖേന സ്‌റ്റേറ്റ് ടിബി ഓഫീസര്‍ക്കും ബന്ധപ്പെട്ട വകുപ്പ് അധികാരികള്‍ക്കും നിവേദനം നല്‍കിയിരുന്നെങ്കിലും വാഗ്ദനത്തിലൊതുങ്ങി. 
ഈവരുന്ന ഓഗസ്റ്റ് 30ന് കരാര്‍ അവസാനിക്കാനിരിക്കെ എങ്കിലും ശമ്പള വര്‍ധനവിന്റെ കാര്യത്തിലും പിഎഫ്, ഇഎസ്‌ഐ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുടെ കാര്യത്തിലും പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണെന്നും ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാനത്തെ മുഴുവന്‍ ടെക്‌നീഷ്യന്മാരും ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് അയച്ചതായും കാസര്‍കോട് ജില്ലാ ടിബി ഓഫീസിലെ ജീവനക്കാരനായ ഹിഷാം തളങ്കര പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad