കാസര്‍കോട് (www.evisionnews.co): ഒറ്റദിവസം സമ്പര്‍ക്ക കേസുകള്‍ ഉള്‍പ്പടെ 74പോസിറ്റീവ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തതോട സാമൂഹ്യ വ്യാപന സാധ്യതയേറുന്നതായി മുന്നറിയിപ്പ്. ഇക്കണക്കിന് പോയാല്‍ ഈമാസം നാലായിരം കടക്കുമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ജില്ലയുടെ നിലവിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ വ്യാപന സാധ്യതയും വര്‍ധിക്കുകയാണെന്നും ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു.
ജില്ലയില്‍ വെന്റിലേറ്ററുകളുടെ എണ്ണം കുറവാണ്. ഗുരുതരമാകുന്നതോടെ കോവിസ് രോഗികള്‍ ശ്വാസതടസം വന്ന് മരണപ്പെടാവുന്ന സ്ഥിതിവിശേഷമാണ് ലോകത്താകെയുള്ളത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ രോഗമുക്തി നിരക്ക് വളരെ കുറവാണ്. അതീവ ജാഗ്രത ആവശ്യമായ സമയമാണിത്. ഏതു പ്രായത്തിലുള്ള ആളുകളെയും രോഗം ബാധിക്കാമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു കാരണവശാലും ആളുകള്‍ കൂട്ടംകൂടാന്‍ അനുവദിക്കില്ല. അനാവശ്യ യാത്ര അനുവദിക്കില്ല. ശാരീരിക അകലം നിര്‍ബന്ധമായും പാലിക്കണം. മാസ്‌ക് ധരിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും കലക്ടര്‍ പറഞ്ഞു.
കടകള്‍ രാവിലെ എട്ടു മുതല്‍ ആറുവരെ
കാസര്‍കോട്: ജില്ലയിലെ കടകള്‍ ഇന്ന് മുതല്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറുവരെ മാത്രമേ തുറക്കാന്‍ അനുവദിക്കു. വ്യാപാര സംഘടനകള്‍ തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ് തിരുമാനം.കടകളില്‍ ആളുകള്‍ കൂട്ടം കൂടുന്ന സാഹചര്യം അനുവദിക്കില്ല. കടകളിലെ ജീവനക്കാര്‍ ഗ്ലൗസും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കടകള്‍ ഏഴ് ദിവസത്തേക്ക് അടപ്പിക്കും. പിന്നീട് അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ തുറക്കാന്‍ അനുവദിക്കൂ.
കുമ്പള മുതല്‍ തലപ്പാടി വരെ
കണ്ടെയിന്‍മെന്റ് സോണ്‍
കാസര്‍കോട്: കുമ്പള മുതല്‍ തലപ്പാടി വരെ ദേശീയ പാതയിലെ ഇരുവശങ്ങളിലുമുള്ള ടൗണുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍, മധുര്‍ ടൗണ്‍, ചെര്‍ക്കള ടൗണ്‍ തുടങ്ങിയ പ്രദേശങ്ങള്‍ കൂടി കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. രോഗികള്‍ കൂടുതലുള്ളതും രോഗവ്യാപന സാധ്യത കൂടുതലുള്ളതുമായ പ്രദേശങ്ങളാണിവ. ഇവിടെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.
- ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാകും തുറക്കാന്‍ അനുമതി നല്‍കുക.
- കണ്ടെയിന്‍മെന്റ് സോണുകളില്‍ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാം. ജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. സേവനങ്ങള്‍ മുഴുവന്‍ ഓണ്‍ലൈനായി മാത്രമേ നല്‍കാവൂ.
- കൂടുതല്‍ പൊലീസിനെ വിന്യസിപ്പിക്കും. അനാവശ്യ സഞ്ചാരം അനുവദിക്കില്ല. നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നിയമ നടപെടിയെടുക്കും.
- ജില്ലയിലെ പഞ്ചായത്ത് ഓഫീസുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങളെ അനുവദിക്കില്ല. ഉദ്യോഗസ്ഥര്‍ ഓഫീസ് സേവനം ഓണ്‍ലൈനായി നല്‍കണം. എന്റെ ജില്ല ആപ്ലിക്കേഷനില്‍ ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍ ലഭ്യമാണ്. ജനങ്ങള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം.
Post a Comment
0 Comments