Type Here to Get Search Results !

Bottom Ad

ഭെല്‍ ഇഎംഎല്‍: ശമ്പളം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

എറണാകുളം (www.evisionnews.co): കേന്ദ്രം സംസ്ഥാനത്തിന് തിരികെ നല്‍കാന്‍ തീരുമാനിക്കുകയും മൂന്ന് വര്‍ഷമായി കൈമാറ്റനടപടികള്‍ എങ്ങുമെത്താതെ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുകയും ചെയ്ത കാസര്‍കോട് ഭെല്‍ ഇ.എം.എല്‍ കമ്പനിയില്‍ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ മൂന്നാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 
കൈമാറ്റനടപടികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാന്‍ ഉത്തരവ് നല്‍കണമെന്നാവശ്യപ്പെട്ട് ഭെല്‍ ഇ.എം.എല്‍ ഇന്‍ഡിപ്പെന്റന്‍ഡ് എംപ്ലോയീസ് യൂണിയന്‍ ( എസ്. ടി. യു ) ജനറല്‍ സെക്രട്ടറി കെ.പി.മുഹമ്മദ് അഷ്‌റഫ് അഡ്വ.പി.ഇ.സജല്‍ മുഖേന നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഇടക്കാല ഉത്തരവ്. മഹാരത്‌ന കമ്പനിയായ ഭെല്ലിന്റെ കൈവശമുള്ള 51 ശതമാനം ഓഹരികള്‍ തിരികെ വാങ്ങി കമ്പനി പഴയത് പോലെ സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായി നിലനിര്‍ത്താന്‍ 2017 ജൂണ്‍ 12ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായത് 2019 സെപ്തമ്പര്‍ അഞ്ചിനാണ്. തീരുമാനവും ഉത്തരവും ഇനിയും നടപ്പിലാക്കാതിരിക്കുകയും ജീവനക്കാര്‍ക്ക് 2018 ഡിസമ്പര്‍ മുതല്‍ ശമ്പളം മുടങ്ങുകയും രണ്ട് വര്‍ഷമായി പി.എഫ് വിഹിതം പോലും നല്‍കാതെ വിരമിക്കുന്ന ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് എസ്. ടി. യു ജനറല്‍ സെക്രട്ടറി ഹൈക്കോടതിയെ സമീപിച്ചത്. ശമ്പളം നല്‍കാനും പി.എഫ് വിഹിതം അടക്കാനും, കൈമാറ്റനടപടികള്‍ പൂര്‍ത്തീകരിക്കാനും പരാതിക്കാരന്‍ നല്‍കിയ അപേക്ഷയില്‍ മൂന്നാഴ്ചക്കകം തീരുമാനം വേണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേന്ദ്ര സര്‍ക്കാരിന്റെ വിശദമായ മറുപടിക്കായി ഹരജി മൂന്ന് ആഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad