കാസര്‍കോട് (www.evisionnews.co): അവ്യക്തകള്‍ക്കൊടുവില്‍ ഉപ്പളയിലെ നഫീസയുടെ കോവിഡ് മരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമെത്തി. മരണം നടന്ന് 44മണിക്കൂറിന് ശേഷം ഇന്ന് വൈകിട്ടോടെയാണ് നഫീസയുടെത് ജില്ലയിലെ ആദ്യ കോവിഡ് മരണമാണെന്ന സ്ഥിരീകരണമുണ്ടായത്.
കോവിഡ് ബാധിച്ച് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശിനിയായ നഫീസ(75) വെള്ളിയാഴ്ച 10.30നാണ് മരിച്ചത്. എന്നാല്‍ ശനിയാഴ്ചയിലെ കോവിഡ് മരണക്കണക്കില്‍ നഫീസയുടെ മരണം പരാമര്‍ശിക്കാത്തത് ചില അവ്യക്തതകള്‍ക്ക് ഇടവരുത്തിയിരുന്നു.
അതേസമയം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച ഇവര്‍ക്ക് എങ്ങനെ രോഗമെത്തി എന്നതും അവ്യക്തമായിരുന്നു. ജൂണ്‍ 19ന് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ ഇവരുടെ മകന്‍ 16 ദിവസത്തെ സ്ഥാപന നിരീക്ഷണത്തിനുശേഷം വീട്ടിലേക്ക് മടങ്ങുകയും അവിടെ താമസമാരംഭിക്കുകയുമായിരുന്നു. കൂടാതെ മീഞ്ചയില്‍ കോവിഡ് സ്ഥിരീകരിച്ച ആളുടെ പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഒരാള്‍ ജൂലൈ ഏഴിന് നഫീസയുടെ വീട് സന്ദര്‍ശിച്ചിരുന്നു. അന്നേദിവസം നഫീസക്കും മകന്റെ ഭാര്യക്കും പനി, ജലദോഷം, എന്നീ രോഗലക്ഷണങ്ങള്‍ പ്രകടമാവുകയും ചെയ്തു. പിറ്റേദിവസം തന്നെ ഇവര്‍ മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ പോവുകയും സ്രവ പരിശോധന നടത്തി വീട്ടിലേക്കു മടങ്ങുകയും ചെയ്തിരുന്നു. 10ന് നഫീസയുടെ മകന്റെ ഭാര്യക്ക് പനിയും ജലദോഷവും കൂടിയതിനെ തുടര്‍ന്ന് മംഗല്‍പാടി താലൂക്ക് ആസ്പത്രിയില്‍ നിരീക്ഷണത്തിലാക്കുകയായിരുന്നു. ആസ്പത്രിയില്‍ മകന്റെ ഭാര്യയുടെ കൂട്ടിരിപ്പുക്കാരിയായി നഫീസ കൂടെയുണ്ടായിരുന്നു .
ജൂലൈ 11ന് നഫീസക്കും മകന്റെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. അന്നുതന്നെ രണ്ടുപേരേയും കാഞ്ഞങ്ങാട് ജില്ലാസ്പത്രിയിലും പിന്നീട് ശ്വാസകോശ സംബന്ധമായ രോഗംമൂര്‍ച്ഛിച്ചതോടെ നഫീസയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 17ന് രാത്രി 10.45ഓടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിച്ചതായും ഡിഎംഒ അറിയിച്ചു. നഫീസയുടെ കുടുംബത്തിലെ എട്ടു പേര്‍ക്കും അയല്‍വാസിയായ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം നഫീസയുടെ മയ്യിത്ത് ശനിയാഴ്ച വൈകിട്ട് ഉപ്പള ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കബറടക്കി.
Post a Comment
0 Comments