കാസര്‍കോട് (www.evisionnews.co): ഒറ്റദിവസം 56പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ല ഗുരുതരമായ അവസ്ഥയിലേക്ക് കടക്കുന്നതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമ്പര്‍ക്ക രോഗികളില്‍ കൂടുതല്‍ പേരും വ്യാപാരസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരായതിനാല്‍ കനത്ത ആശങ്കയാണ് നിലനില്‍ക്കുന്നത്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ എട്ടുപേര്‍ രോഗ ഉറവിടം അറിയാത്തവരാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
സമ്പര്‍ക്ക രോഗികളുടെ വര്‍ധനവിനെ തുടര്‍ന്ന് നഗരത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തുടങ്ങി. കാസര്‍കോട് നഗരത്തിലും പരിസര വാര്‍ഡുകളിലും വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് സാധ്യത. കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗ ബാധിതരില്‍ സമ്പര്‍ക്കം വഴിയുള്ളവരുടെ എണ്ണം വര്‍ധിച്ചിരുന്നു. പച്ചക്കറി പഴ വര്‍ഗ കടകളിലെ തൊഴിലാളികള്‍ക്കും മറ്റുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 41പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
Post a Comment
0 Comments