കാസര്‍കോട് (www.evisionnews.co): ഓവുചാല്‍ നിര്‍മാണത്തിനിടെ കുന്നിടിഞ്ഞു വീണ് കരാറുകാരന് ദാരുണാന്ത്യം. പെര്‍ള കാട്ടുകുക്കെയിലെ ഹര്‍ഷിത് കുമാര്‍ (38)ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സീതാംഗോളി മുഖാരിക്കണ്ടം കോടിമൂലയിലെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിലെ നിര്‍മാണത്തിനിടെയാണ് അപകടം.
ബംഗളൂരു സ്വദേശിയുടെതാണ് പറമ്പ്. ഇയാളുടെ അടുത്ത ബന്ധുവും സ്ഥലത്തിന്റെ കാര്യസ്ഥന്‍ കൂടിയായിരുന്നു ഹര്‍ഷിത്. ഓവുചാലിന്റെ നിര്‍മാണത്തിനായി എത്തിയതായിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുന്നിടിച്ചാണ് ഓവുചാലിന്റെ നിര്‍മാണം നടക്കുന്നത്. കുന്നിനോട് ചേര്‍ന്ന് ഒരു തുരങ്കം കണ്ടതോടെ അതിനകം കാണാന്‍ ഹര്‍ഷിത് പോയിരുന്നു. അതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
തുരങ്കത്തിലെ മണ്ണിനടിയില്‍പെട്ട ഹര്‍ഷിതിനെ രണ്ടരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Post a Comment
0 Comments