കാസര്‍കോട് (www.evisionnews.co): ട്രെയിന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ദുരിതത്തിലായ ഉത്തര്‍പ്രദേശിലേക്കുള്ള അതിഥി തൊഴിലാളികള്‍ക്ക് എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെ ഇടപെടലില്‍ വഴിയൊരുങ്ങി. ഞായറാഴ്ച രാത്രി ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് തിരുവനന്തപുരത്തെ കോവിഡ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി എംഎല്‍എ പറഞ്ഞു.
നേരത്തെ ശനിയാഴ്ച രാത്രിയായിരുന്നു പ്രത്യേക ട്രെയിന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പൊടുന്നനെ ട്രെയിന്‍ റദ്ദ് ചെയ്തതായി വിവരം ലഭിക്കുകയായിരുന്നു. ഇതോടെ നാട്ടിലേക്ക് മടങ്ങാമെന്ന അധികൃതരുടെ ഉറപ്പില്‍ വിശ്വസിച്ച് എത്തിയ കാസര്‍കോട്, ഫോര്‍ട്ട് റോഡ്, വിദ്യാനഗര്‍ ഭാഗങ്ങളിലായി വാടക ക്വാര്‍ട്ടേഴ്സുകളില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശികള്‍ നിരാശരായി മടങ്ങേണ്ടിവന്നു. വാടക വീടും മറ്റും ഒഴിവാക്കിയാണ് ഇവര്‍ യാത്രാരേഖയ്ക്കായി കാസര്‍കോട് നഗരസഭാ ഓഫിസ് പരിസരത്തെത്തിയത്.
ട്രെയിന്‍ റദ്ദാക്കിയെന്ന വിവരം ലഭിച്ചതോടെ അതിഥിതൊഴിലാളികള്‍ നഗരസഭയ്ക്ക് മുന്നില്‍ ബഹളം വെക്കുകയും തുടര്‍ന്ന് എംഎല്‍എയുടെ വീട്ടിലെത്തി വിഷയം ബോധിപ്പിക്കുകയും ചെയ്തു. ഉടന്‍ എംഎല്‍എ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനായ ബിശ്വനാഥ് സിന്‍ഹയെ ടെലിഫോണിലൂടെ ബന്ധപ്പെട്ടപ്പോഴാണ് ഞായറാഴ്ച പ്രത്യേക ട്രെയിന്‍ ഒരുക്കുമെന്ന ഉറപ്പ്ു ലഭിച്ചത്.
Post a Comment
0 Comments