കാസര്‍കോട് (www.evisionnews.co): 178 പേര്‍ ചികിത്സയിലുണ്ടായിരുന്ന കാസര്‍കോട് ജില്ലയില്‍ ഇനി ചികിത്സയിലുള്ളത് ഒരാള്‍ മാത്രം. തുടര്‍ച്ചയായി ഒമ്പതു നാളുകളായി പുതിയ കേസുകളില്ലാത്തതും കാസര്‍കോടിന് ആശ്വാസമേകുന്നു. കാസര്‍കോട് ഗവ മെഡിക്കല്‍ കോളജ് കോവിഡ് ആസ്പത്രിയിലാണ് ഒരു രോഗി ചികിത്സയിലുള്ളത്. ചെങ്കള സ്വദേശിയാണ് അവസാന ഘട്ടത്തില്‍ ചികിത്സയില്‍ കഴിയുന്നത്.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ജില്ല ഇന്ന് ആശ്വാസത്തീരത്താണ്. ഒരുഘട്ടത്തില്‍ സാമൂഹിക വ്യാപനം മുന്നില്‍ കണ്ട ജില്ല പഴുതടച്ചുള്ള പ്രതിരോധ പ്രവര്‍ത്തനത്തിലൂടെയാണ് കോവിഡിനെ നേരിട്ടത്. പതിനഞ്ച് പഞ്ചായത്തിലും രണ്ട് മുനിസിപ്പാലിറ്റിയിലുമായി 178 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് ചെമ്മനാട് (39) പഞ്ചായത്തിലും കാസര്‍കോട് (34) മുനിസിപ്പാലിറ്റിയിലുമായിരുന്നു. ചെങ്കളയില്‍ 25ഉം മൊഗ്രാല്‍ പൂത്തൂരില്‍ 15ഉം ഉദുമയില്‍ 14ഉം മധൂരില്‍ 13ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുളിയാര്‍ 8, കുമ്പള 4, പള്ളിക്കര 6, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി 7, അജാനൂര്‍ 4, ബദിയടുക്ക 3, പെരിയ 2, പൈവളിഗെ, പടന്ന, മംഗല്പാടി, മീഞ്ച പഞ്ചായത്തുകളില്‍ ഓരോന്നു വീതവുമായിരുന്നു രോഗികളുടെ എണ്ണം. ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്ത് ഒരുമാസം പിന്നിടുമ്പോഴേക്കും 80ശതമാനം പേര്‍ക്കും രോഗം ഭേദമായിരുന്നു. ആര്‍ക്കും ഗുരുതരമാവാത്തതും മരണം സംഭവിക്കാത്തതും കാസര്‍കോടിനെ സംബന്ധിച്ചെടുത്തോളം ആശ്വാസം തന്നെയാണ്. മൂന്നിലൊന്ന് പേര്‍ക്ക് മാത്രമെ സമ്പര്‍ക്കം മുഖേനെ അസുഖം ബാധിച്ചുള്ളൂ എന്നതും ശ്രദ്ധേയമാണ്.
ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണവത്തിലും കുറവ് വന്നിട്ടുണ്ട്. വീടുകളില്‍ 885 പേരും ആസ്പത്രികളില്‍ 67 പേരും ആണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതുവരെ 5036 സാമ്പിളുകളാണ് (തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ) പരിശോധനയ്ക്ക് അയച്ചത്. 242 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. പുതിയതായി 40 പേരേ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുള്ള 94 പേര്‍ ഇന്നലെ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. ജില്ലയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 177 പേരാണ് രോഗവിമുക്തരായിരിക്കുന്നത്.
ജില്ലയില്‍ ചെങ്കള പഞ്ചായത്തില്‍ മാത്രമാണ് നിലവില്‍ രോഗിയുള്ളത്. 39പേരുണ്ടായിരുന്ന ചെമ്മനാട് പഞ്ചായത്ത് ഇന്നലെ കോവിഡ് മുക്തമായി. ഇതോടെ ഒരു മുനിസിപ്പാലിറ്റിയും ആറ് പഞ്ചായത്തുകളുമുണ്ടായിരുന്ന ഹോട്ട്‌സ്‌പോര്‍ട്ട് ലിസ്റ്റില്‍ രണ്ടു പഞ്ചായത്ത് മാത്രമായി ചുരുങ്ങി.
Post a Comment
0 Comments