കാസര്‍കോട് (www.evisionnews.co): മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ വൈദുതി ബില്ല് ഒഴിവാക്കണമെന്നും മൊബൈല്‍ രണ്ടുമാസത്തേക്ക് സൗജന്യമായി റീച്ചാര്‍ജ് ചെയ്തു നല്‍കണമെന്നും എന്‍എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കോവിഡ് 19ന്റെ സാഹചര്യത്തില്‍ ജനങ്ങളെല്ലാം വീട്ടിനുള്ളിലാണ്. തൊഴിലാളികളുടെയും മുതലാളിയുടെയും എല്ലാ വരുമാനമാര്‍ഗവും അടഞ്ഞു. എല്ലാ മേഖലയിലും സാമ്പത്തിക ഞെരുക്കം അനുഭവിക്കുകയാണ്. ചെലവുണ്ട്, വരുമാനമില്ല എന്ന നിലയിലാണ് കാര്യങ്ങള്‍. അതിനാല്‍ നടപ്പുമാസങ്ങളിലെ വൈദ്യുതി ചാര്‍ജ് ഒഴിവാക്കിയാല്‍ പൊതുജനങ്ങള്‍ക്ക് ആശ്വാസകരമാകും.
അതുപോലെ വീട്ടിലിരിക്കുന്ന ഭൂരിഭാഗമാളുകളുടെയും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതും ബോധവത്ക്കരിക്കുന്നതും സാമൂഹിക മാധ്യമങ്ങളിലൂടെയാണ്. മൊബൈല്‍ റിചാര്‍ജ് ചെയ്തില്ലെങ്കില്‍ ഇതും നിലയ്ക്കും. റിചാര്‍ജ് കടകള്‍ അടഞ്ഞുകിടക്കുകയാണ്. പ്രത്യേക സാഹചര്യത്തില്‍ എല്ലാ കമ്പനികളുടെയും സിം രണ്ടുമാസത്തേക്ക് സൗജന്യമായി റിചാര്‍ജ് ചെയ്തുകൊടുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും എംഎല്‍എ കത്തില്‍ ആവശ്യപ്പെട്ടു.

Post a Comment
0 Comments