Type Here to Get Search Results !

Bottom Ad

28ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞവര്‍ക്കെതിരെ പോലീസ് കേസ്: നടപടി ആവശ്യപ്പെട്ട് എജിസി ബഷീര്‍

കാസര്‍കോട് (www.evisionnews.co): കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് പോലീസ് പുറത്തിറക്കിയ മൊബൈല്‍ ആപ് വഴി ക്വാറന്റൈനില്‍ കഴിഞ്ഞവര്‍ക്കെതിരെ പോലും അനാവശ്യമായി കേസെടുക്കുന്നതില്‍ നടപടി ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. കൊറോണ കാലത്ത് ആദ്യം മുതല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ജില്ലയായ കാസര്‍കോട് കൊറോണ കേസ് വളരെ വേഗത്തില്‍ റിക്കവറി ചെയ്തു വരുന്ന ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. ജില്ലാ ഭരണകൂടവുമായി പോലീസും ജനപ്രതിനിധികളും ജനങ്ങളും എല്ലാവരും ആത്മാര്‍ത്ഥമായി സഹകരിച്ച് പോവുകയാണ്. 

ഇതിനിടയില്‍ ജില്ലയുടെ ക്രമസമാധാന ചുമതലയുള്ള ഐ.ജി വിജയ് സാഖറെ പുറത്തിറക്കിയ ഒരു ആപ്പ് ക്വാറന്റൈനില്‍ കഴിയുന്ന പല പ്രവാസി സുഹൃത്തുക്കള്‍ക്കും വലിയ പ്രയാസം സൃഷ്ടിക്കുന്ന സ്ഥിതിയാണ് ഉളവാക്കിയിട്ടുള്ളത്. 28 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ട പ്രവാസികള്‍ അവരുടെയൊക്കെ മൊബൈലില്‍ ഈ ആപ്പ് പോലീസ് മുഖേന നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു. പഞ്ചായത്ത് അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ പലപ്പോഴും മൊബൈല്‍ ടവറുകള്‍ സ്വന്തം പഞ്ചായത്തിലെയും തൊട്ടടുത്ത പഞ്ചായത്തിലെയും ലൊക്കേഷന്‍ മാറി മാറി കാണിക്കുന്നത് മൊബൈല്‍ ടവര്‍ സമ്പ്രദായത്തിലെ ഒരു സ്ഥിരം പതിവാണ്. 

പക്ഷേ ഈ ആപ്പിനകത്ത് അവരുടെ സ്വന്തം പഞ്ചായത്തിന് പുറത്തുള്ള ടവര്‍ കാണിച്ചാല്‍ അവര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഇടുന്ന സ്ഥിതിയാണ് കാസര്‍കോട് ജില്ലയിലിപ്പോള്‍ നിലവിലുള്ളത്. പോലീസിനോട് പറയുമ്പോള്‍ ഞങ്ങള്‍ക്കതൊന്നുമറിയില്ല, ആപ്പിനകത്ത് പറഞ്ഞ ടവര്‍ പഞ്ചായത്ത് അതിര്‍ത്തി പ്രദേശമാണൊ എന്നൊന്നും നോക്കേണ്ട ബാധ്യത ഞങ്ങള്‍ക്കില്ല. സ്വന്തം പഞ്ചായത്തിന് പുറത്തുള്ള ടവര്‍ ലൊക്കേഷന്‍ മൊബൈലില്‍ കാണിക്കുകയാണെങ്കില്‍ ഈ ആപ്പിനകത്ത് അത് കാണിക്കും. അവര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഇടാനാണ് നിര്‍ദ്ദേശം എന്നാണ് പോലീസ് പറയുന്നത്. 

പൂര്‍ണമായും ജില്ലാ ഭരണകൂടത്തോട് സഹകരിച്ച് 28, 30 ദിവസക്കാലം ക്വാറന്റൈനില്‍ കഴിഞ്ഞ പല പ്രവാസികള്‍ക്കെതിരെയും ഇപ്പോള്‍ എഫ്.ഐ.ആര്‍ ഇടുന്ന സ്ഥിതിയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് എ.ജി.സി ബഷീര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. തികച്ചും മനുഷ്യാവകാശ ലംഘനം എന്ന നിലയിലാണ് ഈ പുതിയ സാഹചര്യത്തെ വിലയിരുത്തുന്നതെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നും നിരപരാധികളായ സാധാരണക്കാര്‍ക്കെതിരെ തികച്ചും അന്യായമായി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്നും എജിസി ബഷീര്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad